കോഴിക്കോട്: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയില്വേ ഹാള്ട്ട് സ്റ്റേഷനും കണ്ണൂര് ജില്ലയിലെ ചിറക്കല് സ്റ്റേഷനും റെയില്വേ നിര്ത്തലാക്കുന്നു. 26ന് സ്റ്റേഷനുകളുടെ പ്രവര്ത്തനം നിലയ്ക്കും. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷന് സീനിയര് കമേഴ്സ്യല് മാനേജരുടെ ഉത്തരവ് പുറത്തിറങ്ങി.
റെയില്വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്എമാരും മറ്റു ജനപ്രതിനിധികളും രംഗത്തെത്തി. വെള്ളറക്കാട് വിഷയത്തില് ഇന്നു സര്വകക്ഷി യോഗം ചേര്ന്ന് ഇക്കാര്യം ചര്ച്ച ചെയ്യുന്നുണ്ട്.60 വര്ഷം മുന്പ് കേളപ്പജി മുന്കൈയെടുത്ത് സ്ഥാപിച്ചതാണ് വെള്ളറക്കാട് സ്റ്റേഷന്.
മലബാറില് രണ്ടു സ്റ്റേഷനുകളാണ് നിര്ത്തലാക്കുന്നത്. വെള്ളറക്കാടിനു പുറമേ കണ്ണൂര് ജില്ലയിലെ ചിറക്കല് സ്റ്റേഷനും നിര്ത്തലാക്കുന്നുണ്ട്. വെള്ളറക്കാട് സ്റ്റേഷനില് കോവിഡിനു മുമ്പ് എട്ടു ട്രെയിനുകള്ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കണ്ണൂര്-കോയമ്പത്തൂര്, കോയമ്പത്തൂര് -കണ്ണൂര് ട്രെയിനുകള് നിര്ത്തലാക്കിയതോടെയാണ് വരുമാനം കുറഞ്ഞത്. പ്രതിമാസം നൂറിലധികം സീസണ് ടിക്കറ്റുകള് ഇവിടെ നിന്ന് വില്പ്പന നടത്തിയിരുന്നു.
കോവിഡ് കാലത്ത് നിര്ത്തിലാക്കിയ ട്രെയിനുകള് പിന്നീട് ആരംഭിച്ചില്ല. ആദര്ശ് സ്റ്റേഷനാക്കി ഉയര്ത്തി ഈ സ്റ്റേഷനില് കെട്ടിടം പുതുക്കി പണിതിരുന്നു. വരുമാനം കുറഞ്ഞതോടെയാണ് സ്റ്റേഷന് നിര്ത്തലാക്കാനുള്ള തീരുമാനം ഉണ്ടായത്. വെള്ളറക്കാട് സ്റ്റേഷന് ഏറ്റവും കൂടുതല് വരുമാനം നല്കിയിരുന്ന കണ്ണൂര്-കോയമ്പത്തൂര്, കോയമ്പത്തൂര്-കണ്ണൂര് ട്രെയിനുകള് നിര്ത്തലാക്കിയതോടുകൂടി മറ്റെല്ലാ ഹാള്ട്ട് സ്റ്റേഷനുകളെയുംപോലെ ഇവിടെയും വരുമാനം കുറഞ്ഞു.
വരുമാനം കുറച്ച് ഹാള്ട്ട് സ്റ്റേഷനുകള് നിര്ത്തലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്ന് ഈ വണ്ടികള് നിര്ത്തലാക്കിയകാലത്തു തന്നെ പാസഞ്ചേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തിയിരുന്നു.