കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി വീടിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തി. മൂത്തേരിയിൽ സത്യന്റെ വീടിനുള്ളിലാണ് എട്ടടിയോളം നീളമുള്ള പാമ്പ് കയറിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടുകൂടിയായിരുന്നു സംഭവം.
സത്യന്റെ അമ്മ തങ്കമ്മ വൈകുന്നേരം വീട്ടിലേക്ക് കയറി വരുമ്പോഴാണ് വീടിനകത്ത് രാജവെമ്പാലയെ കണ്ടത്. തങ്കമ്മയെ കണ്ടതോടെ പാമ്പ് അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുകയറി. ഉടൻതന്നെ ഇവർ അയൽവാസികളെയും വനംവകുപ്പിനെയും വിവരമറിയിച്ചു.
വനംവകുപ്പിന്റെ സർപ്പ ടീം സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് ഒളിച്ചിരുന്ന അലമാര വീടിന് പുറത്തെത്തിച്ച് പരിശോധിച്ചപ്പോഴാണ് അതിന്റെ ചുവട്ടിലെ അറയിൽ രാജവെമ്പാലയെ കണ്ടെത്തിയത്.
കുട്ടികളടക്കമുള്ളവർ ഉച്ചകഴിഞ്ഞ് മൂന്നുവരെ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ കുരുമുളക് ശേഖരിക്കാൻ പറമ്പിലേക്ക് പോയ സമയത്താണ് രാജവെമ്പാല അകത്തു കയറിയത്.
കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയമായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വേനൽ ശക്തമായതോടെ വനത്തിൽ നിന്നു പാമ്പുകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാവുകയാണ്.
