അതും കേരള കോണ്‍ഗ്രസ് കൊണ്ടുപോയി, കുഞ്ഞാലിക്കുട്ടി വഴി മാണിക്ക് രാജ്യസഭാ സീറ്റ്, കലാപമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കലിപ്പില്‍, ഒത്തുതീര്‍പ്പിന് രാഹുലിന്റെ പിന്തുണയും

കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേരള കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗു കൂടി ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഒപ്പം മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു.

ഘടകക്ഷികളുടെ പൊതുവികാരം മാനിക്കണമെന്നതിന്റെയും യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നതിന്റെയും പേരിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദവും ലഭിച്ചു.

നേരത്തെ, ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാല്‍ സീറ്റ് ഘടകക്ഷിക്ക് നല്‍കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി നിലപാടെടുത്തിരുന്നു. കേരളാകോണ്‍ഗ്രസ് വൈസ് ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണിയെ ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു. അടുത്ത ഒഴിവ് വരുമ്പോള്‍ കേരളാ കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചിരുന്നു.

നേരത്തെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനും കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതിനേ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. പരിഗണിക്കപ്പെടേണ്ട ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരും അദ്ദേഹം രാഹുലിനയച്ച കത്തില്‍ നിര്‍ദേശിച്ചു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍, ഷാനിമോള്‍ ഉസ്മാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി.വിഷ്ണുനാഥ്, പി.സി.ചാക്കോ എന്നിവരുടെ പേരുകളാണ് കുര്യന്‍ മുന്നോട്ടുവച്ചത്.

Related posts