ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ മേല്‍ മര്‍ദ്ദനം ശീലമാക്കി സഹതടവുകാര്‍; കോടതിയില്‍ പരാതി പറഞ്ഞതോടെ മര്‍ദ്ദനം ഇരട്ടിയായി; കൊലുസ് ബിനു ക്രൂരമായി ബലാല്‍സംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയില്‍…

തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് അബോധാവസ്ഥയിലാക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊലുസ് ബിനുവിന് സഹതടവുകാരുടെ വക ക്രൂരമര്‍ദ്ദനം. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിനുവിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഉത്തരവിട്ടു. മുമ്പ് മര്‍ദ്ദനമേറ്റതിന് കോടതിയില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാര്‍ തന്നെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് 23 ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കേസില്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടുന്ന രണ്ടു പ്രതികളില്‍ ഒന്നാം പ്രതിയാണ് ബിനു. വിചാരണക്ക് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്.അനവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസ് ബിനു എന്ന അനില്‍കുമാര്‍ ( 38 ) , തമിഴ്നാട് വേലൂര്‍ ജില്ലയില്‍ ഒടുകത്തൂര്‍ വില്ലേജില്‍ കോവില്‍ തെരുവില്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍ (48) എന്നിവരാണ് കവര്‍ച്ചാ കൊലപാതക പീഡനക്കേസിലെ പ്രതികള്‍.

2016 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. അര്‍ധ രാത്രി വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ ചുറ്റിക കൊണ്ട് ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം സംഭവം കണ്ടുനിന്ന ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഇവരുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു കൊണ്ടു പോവുകയും ചെയ്തു.യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ തമിഴ്നാട് മാര്‍ത്താണ്ഡത്തെ ജൂവലറിയില്‍ വിറ്റു. ഇവ പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയില്‍ ജൂവലറി മാനേജര്‍ കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ജൂവലറിയിലെ സി സി റ്റിവി ദൃശ്യങ്ങള്‍ കോടതി ഹാളില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് സാക്ഷി വിസ്താരം നടന്നത്. സി സിടിവി ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടില്ലായെന്നും ഐടി നിയമ പ്രകാരം ഹാര്‍ഡ് ഡിസ്‌ക്കും സിഡിയും പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയത് താനാണെന്നും കേസിലെ അറുപതാം സാക്ഷിയായ തൃശൂര്‍ കേരള പൊലീസ് അക്കാഡമി (കേപ്പ ) ജോയിന്റ് ഡയറക്ടര്‍ ഷാജി.പി. കോടതിയില്‍ മൊഴി നല്‍കി.

പ്രതികള്‍ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍ ഒളിപ്പിച്ചു വച്ചത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോയി പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിരുന്നു. കൃത്യ വസ്ത്രങ്ങളായ ട്രാക്ക് സ്യൂട്ട് , പാന്റ്‌സ് , ടീ ഷര്‍ട്ട് , കൃത്യത്തിനുപയോഗിച്ച ആയുധമായ ചുറ്റിക എന്നിവയില്‍ കാണപ്പെട്ട രക്തക്കറകളും കൊല്ലപ്പെട്ട ഗൃഹനാഥന്റെ ശരീരത്തിലും വസ്ത്രങ്ങളിലും കൊന്തമാലയിലും , ഭാര്യയുടെ വസ്ത്രങ്ങളിലുംകാണപ്പെട്ട രക്തക്കറകള്‍ ഒന്നാണെന്ന് തന്റെ പരിശോധനയില്‍ തെളിഞ്ഞ് സാക്ഷ്യപത്രം നല്‍കിയതായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സയന്റിഫിക് ഓഫീസര്‍ എ. ഷെഫീഖ് കോടതിയില്‍ മൊഴി നല്‍കി.

ഇരയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവങ്ങളുടെയും പുരുഷ ബീജത്തിന്റെയും പ്രതികളില്‍ നിന്ന് ശേഖരിച്ച ബീജങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തി ഒന്നാണെന്ന സാക്ഷ്യ പത്രം നല്‍കിയത് താനാണെന്നും തിരുവനന്തപുരം എഫ്എസ്എല്‍ ഡിഎന്‍എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി ശ്രീവിദ്യ മൊഴി നല്‍കി.രണ്ടാം പ്രതിയുടെ വാസ സ്ഥലത്ത് തെളിവെടുപ്പിന് കേരളാ പൊലീസിനെ സഹായിച്ചത് താനാണെന്ന് തമിഴ്നാട് പാപ്പാക്കുടി പൊലീസ് സ്റ്റേഷന്‍ മുന്‍ സബ്ബ് ഇന്‍സ്‌പെക്ടറും നിലവില്‍ കമാന്റോ ഫോഴ്‌സ് സബ്ഇന്‍സ്‌പെക്ടറുമായ എസ്. രാമന്‍ മൊഴി നല്‍കി.പാപ്പാക്കുടി സ്റ്റേഷനില്‍ ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ 2016 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് ബൈക്ക് മോഷണക്കേസുകളുടെ രേഖകളും എസ്‌ഐ ഹാജരാക്കിയത് പ്രോസിക്യൂഷന്‍ ഭാഗത്തേക്കുള്ള 58 മുതല്‍ 60 വരെയുള്ള രേഖകളായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. എസ് ഐ പ്രതികളെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.

Related posts