മാധ്യമപ്പടയോ ആരാധകരോ അറിഞ്ഞില്ല! പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി ആദരവര്‍പ്പിച്ച് മമ്മൂട്ടി

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ വീട് നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയത്.

വയനാട്ടില്‍ ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെയാണ് വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചത്. വീട്ടിലെത്തിയ അദ്ദേഹം വസന്തകുമാറിന്റെ അമ്മ ശാന്തയെയും, ഭാര്യ ഷീനയെയും, മക്കളെയും ആശ്വസിപ്പിച്ചു.

കുടുംബ ശ്മാശാനത്തിലെ വസന്തകുമാറിന്റെ ശവകുടീരത്തില്‍ മമ്മൂട്ടി ആദരമര്‍പ്പിക്കുകയും ചെയ്തു. നടന്‍ അബു സലിം,വയനാട് സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്സാണ്ടര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്റെ ഭാര്യയുടെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാനും വീടുവെച്ച് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related posts