പ്രളയകാലത്തു പ്രതീക്ഷയായി കുത്തിയതോടില്‍ ഒരു കിണ്ടിയുണ്ടായിരുന്നു; ഒരു നാടിന്റെ മുഴുവന്‍ ദാഹമകറ്റാന്‍ ശുദ്ധജലം വഹിച്ച കിണ്ടി! ഒരുനാടിനെ പ്രളയകാലത്ത് കാത്ത ആ കിണ്ടിയെപ്പറ്റി!

സിജോ പൈനാടത്ത്

നോര്‍ത്ത് കുത്തിയതോട് മണവാളന്‍ എം.ജെ. വില്‍സന്റെ വീട്ടുമുറ്റത്തുള്ള കിണ്ടിയെ ഒരു ‘ഒന്നൊന്നര കിണ്ടി’ എന്നുതന്നെ വിളിക്കണം. പത്തടി ഉയരവും ആറടി വ്യാസവുമുള്ള വമ്പന്‍ കിണ്ടി. വെള്ളത്തിനായി കിണ്ടിയിലേക്കു ബക്കറ്റിറക്കിയാല്‍ അതെത്തുന്നതുനേരേ കിണറിലേക്ക്. വര്‍ഷത്തില്‍ ഏതു സമയത്തും ശുദ്ധജലം ആവോളം കിട്ടും.

പ്രളയം ദുരിതം വിതച്ച നാളുകളില്‍ കുത്തിയതോട് മേഖലയിലെ എല്ലാ വീടുകളും കിണറുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ ആദ്യദിവസങ്ങളില്‍ വെള്ളത്തിനായി ആശ്രയിച്ചത് വില്‍സന്റെ വീട്ടുമുറ്റത്തെ കിണ്ടിയെയായിരുന്നു.

കിണറിന്റെ ചുറ്റുമതിലിനോടു ചേര്‍ത്ത് കിണ്ടിയുടെ വലിയ മാതൃക ഒരുക്കിയതിനാല്‍ ഒഴുകിവന്ന മാലിന്യങ്ങളും മറ്റും അതിലേക്കു വീണില്ല. വഞ്ചിയിലെത്തി കിണ്ടിയില്‍നിന്നു നല്ല വെള്ളം ശേഖരിക്കുന്ന കാഴ്ച കുത്തിയതോടുകാര്‍ക്കു വേറിട്ടതായി.

മൂന്നു നിലകളുള്ള വീടായിരുന്നതിനാല്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ സമീപത്തെ വീടുകളില്‍നിന്നുള്ള നാല്‍പതോളം പേര്‍ അഭയം തേടിയത് ഇവിടെയായിരുന്നു. ബംഗളൂരുവില്‍ നിര്‍മാണമേഖലയില്‍ ബിസിനസ് നടത്തുന്ന വീട്ടുടമ വില്‍സണും കുടുംബവും പ്രളയം കനത്തപ്പോള്‍ സ്ഥലത്തില്ലായിരുന്നു.

എങ്കിലും വിശാലമായ വീടും മറ്റും നാട്ടുകാര്‍ക്കായി ഉപയോഗിക്കാന്‍ വിട്ടുനല്‍കി. അഞ്ചു ദിവസത്തോളം നാല്‍പതോളം പേര്‍ വീടിന്റെ മൂന്നാം നിലയിലായിരുന്നു താമസം.

രണ്ടാംനിലയിലൂടെ കിണ്ടിയുടെ അടുത്തെത്തി വെള്ളം ശേഖരിക്കാനായതും താമസക്കാര്‍ക്ക് ആശ്വാസമായി. വെള്ളപ്പൊക്കത്തില്‍ കിണ്ടിയുടെ ഒന്‍പതടിയോളം ഭാഗം മുങ്ങിയെങ്കിലും അകത്തേക്കു വെള്ളം കയറാതിരുന്നതാണ് നേട്ടമായത്.

പഴയ വീടിനു മുന്നില്‍ നിറച്ചുവച്ച കിണ്ടിയിലെ വെള്ളമുപയോഗിച്ചു കൈകാലുകള്‍ കഴുകി വീടിനുള്ളിലേക്കു കയറുന്ന ശീലമുണ്ടായിരുന്ന പിതാവിന്റെ സ്മരണയിലാണ് വില്‍സന്‍ ഭീമന്‍ കിണ്ടി ഒരുക്കിയത്.

അഞ്ചു വര്‍ഷം മുമ്പു വീട് നിര്‍മിച്ചപ്പോള്‍ കിണറിനു മീതെ കോണ്‍ക്രീറ്റില്‍ കിണ്ടി നിര്‍മിക്കുകയായിരുന്നു. വീടിനു മുന്നില്‍ ഇത്രയും വലിയ നിര്‍മിതി അഭംഗിയാണെന്ന് അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നുവെന്നു വില്‍സന്‍ ഓര്‍ക്കുന്നു.

വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കിണ്ടിയും കിണറും നാട്ടുകാര്‍ക്ക് ആശ്വാസമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയശേഷം വില്‍സന്റെ വീട്ടുമുറ്റത്തെ ‘കിണ്ടി’ കാണാന്‍ നിരവധിപേരാണ് എത്തുന്നത്.

Related posts