ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ നിന്ന് ആളുകൾ റീലുകൾ ചിത്രീകരിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരമൊരു റീലും അതിനോട് അനുബന്ധിച്ചുള്ളതുമായ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ.
റെയിൽവേ സ്റ്റേഷനിൽവച്ച് ഒരു സ്ത്രീ ഒരു പുരുഷനെ ഉപദ്രവിക്കുന്നതാണ് ആദ്യ വീഡിയോ. താൻ റീൽ ചെയ്തുകൊണ്ടിരുന്ന സമയത്ത് ആ പുരുഷൻ മോശമായി സ്പർശിച്ചു എന്നാരോപിച്ചുകൊണ്ടാണ് പുരുഷനെ അവർ ആക്രമിക്കുന്നത്.
എന്നാൽ അവർ ട്രെയിനുള്ളിൽവച്ച് എടുത്ത രണ്ടാമത്തെ റീലും വൈറലായി. പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് ആ സ്ത്രീ. റീൽസ് ചിത്രീകരണ വേളയിൽ ട്രെയിനിനുള്ളിൽവച്ച് അവർ അടുത്തു നിന്ന മറ്റൊരു പുരുഷന്റെ ശരീരത്ത് സ്പർശിക്കുകയും മുഖങ്ങൾക്കൊണ്ട് മോശം ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. ഇതും ഇപ്പോൾ വൈറലാണ്. രണ്ടു വീഡിയോയിലും സ്ത്രീയുടെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ഉപയോക്താക്കൾ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തെ ചോദ്യം ചെയ്യുകയും പൊതു പെരുമാറ്റത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്തു. ഈ വീഡിയോകൾ എൻസിഎംഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്സ് എക്സിൽ പോസ്റ്റ് ചെയ്തു, സംഭവത്തെ വിമർശിക്കുകയും മുംബൈ പോലീസിനെ ടാഗ് ചെയ്യുകയും അധികാരികൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
