കോട്ടയം: പി.സി. ജോര്‍ജിനൊപ്പം ജില്ലയില്‍ മുന്നേറാന്‍ ബിജെപി. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെയും തൊട്ടടുത്ത മണ്ഡലമായ പാലായില്‍ മകനും ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജിനെയും സ്ഥാനാര്‍ഥിയാക്കി.
പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭരണവും നിരവധി പഞ്ചായത്തുകളില്‍ അഞ്ചിലധികം മെംബര്‍മാരെയും കിട്ടി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഗണ്യമായ വോട്ടു വര്‍ധനയുമുണ്ടായി.
കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് 41,049 വോട്ടുകള്‍ നേടിയിരുന്നു. ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കുമെന്നു നേരത്തെതന്നെ ഉറപ്പായിരുന്നു. അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.
ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണെന്നുള്ളതാണ് ഷോണിന്റെ പ്രതീക്ഷ.
