നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം ! നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു…

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം. അടുത്തിടെയായി ഒരു പ്രധാന ചര്‍ച്ച ഇതാണ്. എന്നാല്‍ ഈ ബന്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ഥ്യം.

1964ലെ റേഞ്ചര്‍ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഈ ബന്ധം ചര്‍ച്ചയാകാന്‍ കാരണവും നാസയുടെ ഒരു വിജയ ദൗത്യം തന്നെയാണ്.

നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെ കപ്പലണ്ടിയുടെ ചര്‍ച്ച സജീവമായി. എന്‍ജിനീയര്‍മാര്‍ക്ക് കൊറിയ്ക്കാന്‍ കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത ശേഷമാണെന്നും പറയപ്പെടുന്നുണ്ട്.

ഈ കപ്പലണ്ടി കൊറിയ്ക്കലിന് പിന്നിലെ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ… 6 റേഞ്ചര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടതോടെ നാസയുടെ സതേണ്‍ കലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഏഴാം ദൗത്യത്തിനു എന്‍ജിനീയര്‍മാര്‍ കുറച്ച് പരിഭ്രമത്തോടെയാണ് എത്തിയത്.

ദൗത്യം വിജയിക്കണമെങ്കില്‍ എന്‍ജിനീയര്‍മാരുടെ ടെന്‍ഷന്‍ കുറയ്ക്കണം. മിഷന്‍ ട്രജക്ടറി എന്‍ജിനീയര്‍ ഡിക് വാലസിന്റെ ആശയപ്രകാരം എന്‍ജിനീയര്‍മാരുടെ ടെന്‍ഷന്‍ കുറയ്ക്കാനായി കപ്പലണ്ടി കൊറിയ്ക്കാന്‍ കൊടുക്കുകയായിരുന്നു.

പിന്നീട് ബഹിരാകാശദൗത്യം വിജയിക്കണമെങ്കില്‍ കപ്പലണ്ടിയും വേണമെന്ന വിശ്വാസം നാസയില്‍ ഇടം പിടിച്ചുവെന്നാണ് പറയുന്നത്. എന്തായാലും കപ്പലണ്ടി ഇപ്പോള്‍ നാസയുടെ ദൗത്യങ്ങളില്‍ അവിഭാജ്യ ഘടകമാണ്.

Related posts

Leave a Comment