രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും സമനില

sp-renjitrophyമുംബൈ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും സമനില. കേരളം ഉയര്‍ത്തിയ 324 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ വിജയത്തിന് 45 റണ്‍സകലെ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു.

268/8 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത കേരളം 324 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗോവയ്ക്കു മുന്നില്‍ ഉയര്‍ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ കേരളം 56 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവയ്ക്ക് നായകന്‍ സഗുന്‍ കാമത്തിന്റെ ഇന്നിംഗ്‌സാണ് ബലം നല്‍കിയത്. 176 പന്തില്‍നിന്ന് 151 റണ്‍സാണ് സഗുന്‍ നേടിയത്. 18 ബൗണ്ടറികളും നാലു സിക്‌സറുകളുമാണ് സഗുണ്‍ അടിച്ചുകൂട്ടിയത്. ഒടുവില്‍ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു നില്‍ക്കേ മത്സരം അവസാനിക്കുകയായിരുന്നു. കേരളത്തിനായി ഇഖ്ബാല്‍ അബ്ദുള്ള നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, രോഹന്‍ പ്രേം (70), മുഹമ്മദ് അസറുദീന്‍ (64) എന്നിവരുടെ മികവിലാണ് കേരളം രണ്ടാമിന്നിംഗ്‌സില്‍ മികച്ച ലീഡ് ഉയര്‍ത്തിയത്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 154/4 എന്ന നിലയിലായിരുന്നു കേരളം. നേരത്തെ, ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെയും ഓപ്പണര്‍ ഭവിന്റെയും സെഞ്ചുറി കരുത്തിലാണ് കേരളം
ആദ്യ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഗോവ ആദ്യ ഇന്നിംഗ്‌സില്‍ 286ല്‍ എല്ലാവരും പുറത്തായിരുന്നു. സ്‌കോര്‍: കേരളം–342, 268/8, ഗോവ–286, 279/5.

Related posts