വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗണ്‍ഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സുഹൃത്തുക്കളായ ജയേഷ് വി.എം. നാരായണ നഗര്‍, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന് പതിയാരക്കര, ജഗന്നാഥന് ഇരിങ്ങല്‍ എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് ലിഫ്റ്റില്‍ കുടുങ്ങിയത്.
ലിഫ്റ്റില്‍ അകപ്പെട്ട ഇവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത് സ്ഥിതി സങ്കീര്‍ണമാക്കി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ മുരളീധരന് വടകര ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ഡോര്‍ വിടര്‍ത്തിയാണ് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. അഞ്ചുപേര്‍ ഒന്നിച്ച് ലിഫ്റ്റില്‍ അകപ്പെട്ടതിനാല്‍ അല്പസമയം കൊണ്ടുതന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ അപകടനിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ല.
ജീവന് തിരിച്ചുകിട്ടിയതിലെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും. വടകര അഗ്നി രക്ഷാ നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തില്‍ എം.ടി.റാഷിദ് , മനോജ് കിഴക്കേക്കര, ടി. ഷിജേഷ് , പി.ടി. സിബിഷാല്‍ , പി.എം. സഹീര്‍ , എസ്.ആര്. സാരംഗ് , കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.