താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍;വൈപ്പിനില്‍ നടന്ന സംഭവങ്ങള്‍ ക്രൈം സിനിമയെ വെല്ലുന്ന ത്രില്ലര്‍…

വൈപ്പിന്‍: താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മൂന്നുപേരെ ഞാറയ്ക്കല്‍പോലീസ് അറസ്റ്റു ചെയ്തു.എളങ്കുന്നപ്പുഴ പല്ലമ്പിള്ളി കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി (മണ്ടന്‍ ഗിരി31), ഞാറയ്ക്കല്‍ ഓടമ്പിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍ (കോടാലി 33), ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് (ജിനാപ്പി39) എന്നിവരാണ് അറസ്റ്റിലായത്.ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്നു സി.ഐ: എ.എ. അഷറഫ്, എസ്.ഐ: ആര്‍. രഗീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒളിവിലാണ്. കഴിഞ്ഞ 19 നു രാത്രി ഞാറയ്ക്കല്‍ പെരുമ്പിള്ളി ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഞാറയ്ക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും വാര്‍ഷിക ആഘോഷം കഴിഞ്ഞു പോകുമ്പോള്‍ കാത്തുനിന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നു.

കണ്ണില്‍ മണല്‍ വാരിയിട്ട് ഇരുമ്പു വടി, ഇടിക്കട്ട എന്നിവ കൊണ്ടായിരുന്നു ആക്രമിച്ചത്. മാര്‍ഷലിന്റെ തലയ്ക്കും പുറത്തുമാണ് അടിയേറ്റത്. ആല്‍ഫ്രഡിന്റെ വലതു കൈയൊടിഞ്ഞു. ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ട് മാസംമുമ്പ് മാര്‍ഷലിന്റെ സഹോദരിയെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുമായി മാര്‍ഷല്‍ നടത്തിയ വാക്കേറ്റം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നു. പക മനസില്‍ സൂക്ഷിച്ച വിദ്യാര്‍ഥി മാര്‍ഷലിനെ വകവരുത്താന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുകയായിരുന്നു. പ്രതികള്‍ ഇക്കാര്യം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. മൂവരെയും റിമാന്‍ഡ് ചെയ്തു.

Related posts