മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ ഉടമയയ്ക്ക് തിരികെ നല്‍കി കള്ളന്‍ മാതൃകയായി; ഗതികേടു കൊണ്ട് എടുത്തതാണെന്നും ബാക്കിത്തുക ഒരു മാസത്തിനകം തിരികെ നല്‍കുമെന്നും കുറിപ്പ്; പൊന്‍കുന്നത്തു സംഭവിച്ചത്…

പൊന്‍കുന്നം: മോഷ്ടിച്ച പണം ഉടമയ്ക്ക് തിരികെ നല്‍കുന്നയാളെ കള്ളന്‍ എന്നു വിളിക്കാമോ…? പൊന്‍കുന്നത്താണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. മോഷ്ടിച്ച പണത്തിന്റെ പകുതി ഉടമയ്ക്ക തിരിച്ചു നല്‍കിയ കള്ളന്‍ ബാക്കിത്തുക ഉടന്‍ തന്നെ തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

ചേനപ്പാടി സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള പുതുപ്പറമ്പില്‍ സ്റ്റോഴ്സ് ആന്‍ഡ് ചിക്കന്‍ സെന്ററിലാണു വേറിട്ട മോഷണം നടന്നത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെ സുലൈമാന്‍ ആഹാരം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം.

മേശയുടെ ഡ്രോയിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയാണു കവര്‍ന്നത്. ഇതു സംബന്ധിച്ച് എരുമേലി പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍വശം പൂട്ടിയിരുന്ന കടയുടെ പിന്‍വശത്തെ ഓടാമ്പല്‍ തട്ടിമാറ്റിയാണു മോഷ്ടാവ് അകത്തു കയറിയത്.

കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ കേസന്വേഷണം വഴിമുട്ടിനിന്നപ്പോഴായിരുന്നു ‘ട്വിസ്റ്റ്.’ കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാനെത്തിയ സുലൈമാനെ കാത്ത് കടയ്ക്കു മുന്നില്‍ ഒരു പ്ലാസ്റ്റിക് കൂടുണ്ടായിരുന്നു.

അതില്‍ മോഷണമുതലില്‍ നിന്നുള്ള 9,600 രൂപയും ക്ഷമാപണ കുറിപ്പടിയുമാണു കണ്ടത്. ‘ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരും’ എന്നായിരുന്നു കുറിപ്പില്‍. കള്ളന്‍ വാക്കുപാലിക്കുമോ എന്നു കാത്തിരിക്കുകയാണു കടയുടമ.

Related posts