ഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്‍; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…

വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി.

ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി.

മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത് കേട്ട് വാതില്‍തുറന്ന ഡോക്ടറുടെ മുന്നില്‍ എത്തിയത് മൂന്ന് മോഷ്ടാക്കള്‍. ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു. മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കളുടെ പഞ്ച് ഡയലോഗും ”ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്”. പണവും സ്വര്‍ണവും എവിടെയെന്നു ചോദിച്ചപ്പോള്‍ ഇവിടെ അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. എന്നാല്‍ ഇതു വിശ്വസിക്കാഞ്ഞ മോഷ്ടാക്കള്‍ അവിടെയെല്ലാം പരതി.

ഒന്നും കാണാതെ വന്നപ്പോള്‍ അരിശം കൊണ്ട് അലമാരയുടെ മുകളില്‍ ഇരുന്ന കരടി ബൊമ്മയില്‍ അരിവാള്‍ കൊണ്ട് ആഞ്ഞു വെട്ടുകയായിരുന്നു. അപ്പോള്‍ ബൊമ്മയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവന്‍ സ്വര്‍ണവും 80,000 രൂപയും ബൊമ്മയിലുള്ള വിവരം അപ്പോഴാ് തസ്‌കരര്‍ അറിഞ്ഞത്. സ്വര്‍ണവും പണവും കവര്‍ന്ന ശേഷം തെളിവ് നശിപ്പിക്കലിന്റെ ഹൈടെക്ക് രീതിയും. സി.സി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസിക് കൈക്കലാക്കിയ ശേഷം ‘ഇത് എനിക്ക് വേണം, ഇത് ഞാനെടുക്കുവാ’ എന്നു പറഞ്ഞാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. വീട്ടുകാര്‍ ഈ സമയം എന്തു ചെയ്യണമെന്ന് അറിയാതെ അങ്കലാപ്പിലായി നില്‍ക്കുകയയിരുന്നു.

മണ്ണുത്തി പൊലീസ്സ്‌റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ബോസ്‌കോ സ്‌കൂളിന് എതിര്‍വശം ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ വെളുപ്പിന് മൂന്നിന് മോഷണം അരങ്ങേറുമ്പോള്‍ പുറത്ത് വേറൊരു ‘നാടകം’ നടക്കുന്നുണ്ടായിരുന്നു. വീടിന് നേരെ മുന്നില്‍ ഹൈവേയുടെ ഓരത്ത് ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന റോന്ത് പൊലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി. കാര്യം തിരക്കി. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയതാണെന്നുമായിരുന്നു മറുപടി. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യം. നന്നായി ഉറങ്ങിയ ശേഷം പോയാല്‍ മതിയെന്ന ഉപദേശം നല്‍കിയാണ് റോന്തുപൊലീസ് മടങ്ങിയത്.

കെ.എ.51എം- 1093 എന്ന കാര്‍ നമ്പര്‍ മാത്രമാണ് ഇപ്പോള്‍ ആകെയുള്ള തുമ്പ്. പോലീസ് നായ മണംപിടിച്ചോടിയതും ഈ കാര്‍ നിര്‍ത്തിയിട്ടിടം വരെയായിരുന്നു. കര്‍ണാടക രജിസ്ട്രേഷനുള്ള കാറില്‍ എത്തിയത് തമിഴ്നാട്ടുകാരാണെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അവര്‍ സംസാരിച്ചതാവട്ടെ ഇംഗ്ലീഷിലും. ഈ കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ പദ്ധതി. വ്യക്തമായ ആസൂത്രണം മോഷണത്തിനു പിന്നിലുണ്ടെന്ന സംശയവും പോലീസിനുണ്ട്.

Related posts