തെങ്ങ് കയറാന്‍ ആളെ തപ്പുന്നവര്‍ക്ക് ആശ്വാസമായി റോബോര്‍ട്ടുകള്‍

TVM-MACHINEഅനീസ് കൊട്ടുകാട്
കരുനാഗപ്പള്ളി: തെങ്ങ് കയറാന്‍ ആളെ തപ്പി നെട്ടോട്ടം ഓടുന്നവര്‍ക്കാശ്വാസമായി യന്ത്രമനുഷ്യനെത്തുന്നു. അമൃതസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട റോബോട്ടിക്‌സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് അമൃതസര്‍വകലാശാലയുടെ അമ്മച്ചി ലാബ് വികസിപ്പിച്ചെടുത്ത തെങ്ങ് കയറ്റ യന്ത്രമനുഷ്യന്‍  പ്രദര്‍ശിപ്പിച്ചത്. തെങ്ങ് കയറ്റത്തിനു ആള്‍ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തില്‍ ആശ്വാസമായി എത്തിയിരിക്കുകയാണ് ഈ പുത്തന്‍താരം. മനുഷ്യന്‍ തെങ്ങില്‍ കയറി എന്തെല്ലാം ജോലി ചെയ്യും അതെല്ലാം ഈ റോബോട്ടും ചെയ്യും. തെങ്ങില്‍ കയറാനും തേങ്ങ ഇടാനും ഓല മുറിച്ച് മാറ്റാനും ഇവയക്ക് സാധിക്കും.ഡോ.രാജേഷ് കണ്ണന്‍ മേഗലിംഗന്റെ നേതൃത്വത്തിലുള്ള അമൃതാവിശ്വവിദ്യാപീഠം വിദ്യാര്‍ഥികളും  അധ്യാപകരും ചേര്‍ന്ന് മൂന്നുവര്‍ഷം കൊണ്ടാണ് റോബോട്ട് നിര്‍മിച്ചത്.

ആറുമാസം മുമ്പ് പരീക്ഷണം നടത്തി. ഇത് വിജയകരമാകുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തി സര്‍ക്കാരിന്റെ സഹകരണത്തോടെ ഇത് വ്യാപകമാക്കാനാണ് അമൃതസര്‍വകലാശാല ഉദ്ദേശിക്കുന്നത്.1.6 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി വേണ്ടി വന്ന ചെലവ്. മൊബൈല്‍ഫോണ്‍ ആപ്പ് വഴിയാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. ആപ്പ് വഴി ഏത് ഉയരത്തിലുള്ള തെങ്ങിലും അള്ളിപിടിച്ച് കയറി പാകമായ തേങ്ങ അടര്‍ത്തിയെടുക്കാന്‍ റോബോട്ടിനു സാധിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയവര്‍ക്കും കോണ്‍ഫറന്‍സിലെ പ്രദര്‍ശനത്തില്‍ മുഖ്യആകര്‍ഷണമായതും തെങ്ങ് കയറ്റ റോബോട്ടാണ്.

അതോടപ്പം  മൊബൈല്‍ ആപ്പ് വഴി നിയന്ത്രിക്കുന്ന വീല്‍ ചെയറും ശ്രദ്ധേയമായി.പക്ഷാഘാതം പിടിപെട്ട് കിടക്കുന്നവര്‍ക്കും തങ്ങളുടെ ദൈനം ദിന കാര്യങ്ങളും തടസമില്ലാതെ നടത്തുവനും ഈ വീല്‍ ചെയറിനും സാധിക്കും.കര്‍ഷകര്‍ക്ക് സഹായകമായി സൈക്കിള്‍ സ്‌പെയര്‍പാര്‍ട്‌സു കൊണ്ടുള്ള നെല്‍കൃഷിക്ക് ഉപയോഗിക്കാനുള്ള യന്ത്രവും പ്രദര്‍ശനത്തില്‍ അമ്മച്ചി ലാബ് അവതരിപ്പിച്ചു. ഞാറ് നടാനും വിത്ത് വിതയ്ക്കാനും യന്ത്രം സഹായകമാകും. മനുഷ്യനാണ് ഇതിന്റെ നിയന്ത്രണം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മനുഷ്യധ്വാനത്തിലൂടെ മുന്നോട്ട് തള്ളി നീക്കി കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കണം.രാഹുല്‍ എന്ന വിദ്യാര്‍ഥിയാണ് ഇത് നിര്‍മിച്ചത്.

ഇതോടപ്പം 2500 രൂപ ചെലവില്‍ നിര്‍മിച്ച റബ്ബര്‍ വെട്ട് യന്ത്രവും പ്രദര്‍ശനത്തില്‍ കാണാം. അതുപോലെ ഭാരം ചുമന്ന് നടക്കുന്ന ഒരാളുടെ പുറത്തു നിന്നും സ്വന്തം ദേഹത്തേക്ക് ഭാരം കൈമാറാനുമുള്ള റോബോട്ടിനെയും ഇവര്‍ പ്രദര്‍ശനത്തില്‍ ചൂണ്ടികാട്ടി.സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഓട്ടോറിക്ഷയും അമൃതസര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോളാര്‍ പാനലില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതി ഉപയോഗിച്ച് ഒരു തവണ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കാം. നാല്പത് കിലോമീറ്റര്‍ വേഗതയില്‍ വരെ ഇവ പോകും.

കൂടാതെ പാവപ്പെട്ടവര്‍ക്ക് സഹായകമാകുന്ന നിരവധി ഉപകരണങ്ങള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ പലതും റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് പ്രദര്‍ശനത്തില്‍ ഉള്‍പ്പടുത്തിയിട്ടുണ്ടെന്ന് അമൃത വിശ്വവിദ്യാപീഠം അധികൃതര്‍ പറഞ്ഞു.മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ യന്ത്രമനുഷ്യരെ എത്രമാത്രം ഉപയോഗപ്പെടുത്താമെന്നും പ്രദര്‍ശനം ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവരെ സഹായിക്കുന്ന കണ്ട് പിടുത്തങ്ങള്‍ നടത്തണമെന്ന അമൃതാനന്ദമയിയുടെ ആഗ്രഹമാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെന്ന് അമൃത സര്‍വകലാശാല അമ്മച്ചി ലാബിന്റെ ഡയറക്ടര്‍ ഭവാനി ആര്‍ റാവു ദീപികയോട് പറഞ്ഞു.  കോണ്‍ഫറന്‍സും പ്രദര്‍ശനവും ഇന്ന് സമാപിക്കും.

Related posts