പ്രകൃതി അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച് വീടുകള്‍ പുതുക്കിപ്പണിയാന്‍ ആളുകളെ സഹായിക്കും! ദുരന്തബാധിതര്‍ക്ക് സഹായവുമായി നടി രോഹിണി

സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളാലാവുന്ന സഹായമാണ് കേരളത്തിനകത്തും പുറത്തും പ്രളയം ബാധിക്കാത്തവര്‍ നല്‍കികൊണ്ടിരിക്കുന്നത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടി രോഹിണിയും. മറ്റുള്ളവര്‍ അഭയാര്‍ഥികളായവരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനുമെല്ലാം പ്രാധാന്യം നല്‍കുമ്പോള്‍ താന്‍ മുന്‍ഗണന നല്‍കുന്നത് വീടുകള്‍ക്കാണെന്നാണ് രോഹിണി പറയുന്നത്.

പലരും സ്വപ്നങ്ങള്‍ കൂട്ടിവച്ച് ഉണ്ടാക്കിയ വീടിന്റെ അടിത്തട്ട് വരെയാണ് പ്രളയം കൊണ്ടുപോയത്. അതിനൊരു പോംവഴി കണ്ടെത്താനൊരുങ്ങുകയാണ് രോഹിണി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രോഹിണിയുടെ വാക്കുകള്‍ ഇങ്ങനെ…

നിരവധി പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല. മറ്റു ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. അവര്‍ ഇനി എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങണം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പൊന്നാനിയില്‍ ഒരു സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് ചെറിയ ബജറ്റില്‍ വീട് വയ്ക്കുന്ന ആശയവുമായി പത്തോളം പേര്‍ അവിടെ വന്നിരുന്നു. ലാറി ബേക്കറുടെ സങ്കല്‍പമനുസരിച്ച് വീട് വയ്ക്കുന്ന രീതിയാണത്.

ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് അവിടെ ചെല്ലാന്‍ പ്രകൃതി ഞങ്ങളെ അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ ഞാന്‍ സഹായിക്കും.രോഹിണി പറയുന്നു.

ഈ സമയത്ത് കേരളത്തില്‍ നേരിട്ട് വന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ താന്‍ നേരിട്ട് പോകാതെ തന്നെ ഫണ്ടുകള്‍ ശേഖരിച്ചും നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുഹൃത്തുക്കളുമായി സഹകരിച്ച് ദൗത്യത്തില്‍ പങ്കാളിയാകുന്നുണ്ടെന്നും രോഹിണി പറഞ്ഞു.

Related posts