ശബരിമലയില്‍ പോലീസിന് വലിയ റോളൊന്നുമില്ല, പോലീസുകാര്‍ മൈക്ക് പിടിച്ചു കൊടുത്തപ്പോള്‍ വിശ്വാസികളെ നിയന്ത്രിച്ചത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ആഭ്യന്തരമന്ത്രി ആരെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ

ശബരിമലയില്‍ പോലീസിനും സര്‍ക്കാരിനും വീണ്ടും പിഴയ്ക്കുന്ന കാഴ്ച്ചകളാണ് പുറത്തുവരുന്നത്. വിശ്വാസികളുടെ പ്രതിഷേധത്തിന്റെ നായകത്വം ഏറ്റെടുത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കില്‍ അണികളോട് സംസാരിച്ചു. പോലീസുകാര്‍ തില്ലങ്കേരിക്ക് ആവശ്യമായ സഹായവുമായി ചുറ്റും നില്ക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇടതു സഹയാത്രികര്‍ തന്നെ രംഗത്തെത്തി. കേരളത്തിന്റെ പുതിയ ആഭ്യന്തരമന്ത്രി വത്സന്‍ തില്ലങ്കേരിയാണോ എന്ന ചോദ്യമാണ് സിപിഎം അനുഭാവികളായ മാധ്യമപ്രവര്‍ത്തകര്‍ വരെ ഉന്നയിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും പിണറായി വിജയനെ ട്രോളി രംഗത്തെത്തി. ഡയലോഗ് മാത്രമേയുള്ളുവെന്ന രീതിയിലാണ് പിണറായിയെ എതിരാളികള്‍ പരിഹസിക്കുന്നത്. അതേസമയം പോലീസിനാണ് നിയന്ത്രണമെന്ന വാദവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ശബരിമല സന്നിധാനം ശാന്തമായി നില്‍കേണ്ട സ്ഥലമാണ്. നമ്മുടെ നാടിന്റെ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ ഇപ്പോഴും നടത്തുന്നത്. ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കൈയില്‍തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സന്നിധാനത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ കാര്യങ്ങള്‍ ഇപ്പോള്‍ ശാന്തമായാണ് പോകുന്നത്. സുരക്ഷാ സംബന്ധമായ എല്ലാക്കാര്യങ്ങളും പോലീസിന്റെ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts