ശബരിമല സ്ത്രീപ്രവേശനം! പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്; ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു. സ്ത്രീപ്രവേശന വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 49 പുനപരിശോധനാ ഹർജികൾ ചേംബറിൽ പരിശോധിച്ച ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർണായക തീരുമാനമെടുത്തത്.

ജനുവരി 22ന് പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും ഒരുമിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കും. വിഷയത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും നിലപാട് അറിയിക്കാൻ സുപ്രീംകോടതി നോട്ടീസ് അയയ്ക്കും.

പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച് സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ നൽകാൻ കോടതി തയാറായില്ല എന്നതും ശ്രദ്ധേയമാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി നിലനിൽക്കുമെങ്കിലും മണ്ഡല, മകരവിളക്ക് കാലത്ത് പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശിക്കാൻ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കായി വീണ്ടും കാത്തിരിക്കാനാണ് സാധ്യത.

Related posts