കോട്ടയം: പമ്പയിലെയും സന്നിധാനത്തെയും തീര്‍ഥാടകത്തിരക്ക് കോട്ടയം മുതല്‍ ഗതാഗതം നിശ്ചലമാക്കി. എരുമേലി മുതല്‍ പമ്പ വരെ തിങ്കളാഴ്ച മുതല്‍ നിശ്ചലമായതോടെ തീർഥാടകരെ കോട്ടയം മുതല്‍ നിയന്ത്രിച്ചു.
പമ്പയിലെ തിരക്കു കുറയുംവരെ വൈക്കം, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്തന്നെ വിരിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഒപ്പം വിവിധ പാതകളില്‍ പോലീസ് വാഹനം തടഞ്ഞു. വൈക്കത്തെ നിയന്ത്രണം ഇന്നലെ രാവിലെ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ ഇന്നലെ രാവിലെ വരെ ഏറ്റുമാനൂരില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു. എരുമേലിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ തിങ്കളാഴ്ച രാത്രി പിടിച്ചിട്ടത് പോലീസുമായി തര്‍ക്കത്തിനു കാരണമായി.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പയ്ക്കുള്ള സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസി സ്പെഷല്‍ കോട്ടയത്തുനിന്ന് സർവീസ് നടത്തുന്നില്ല.
നിയന്ത്രണം എപ്പോള്‍ വരെയെന്ന് അറിയില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പമ്പയ്ക്കു പോയ ബസുകള്‍ തിരികെ വരാന്‍ വൈകുന്നു. 20 മണിക്കൂറാണു ചില ബസുകള്‍ വൈകുന്നത്. 45 ബസുകളാണ് കോട്ടയം-പമ്പ സര്‍വീസിനായി കോട്ടയത്ത് സജ്ജീകരിച്ചിരിക്കുന്നത്.
എരുമേലിയിലും പമ്പയിലും നിലയ്ക്കലിലും കെഎസ്ആര്‍ടിസി ബസുകള്‍ പിടിച്ചിട്ടത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നരകയാതനയായി. ഇത്രയേറെ ദുരിതപ്പെട്ടിട്ടും ഇതുവരെ അലവന്‍സ് ലഭിച്ചിട്ടില്ല.
സര്‍വീസ് മുടങ്ങുമ്പോള്‍ യാത്രക്കാരുടെ പ്രതിഷേധവും ജീവനക്കാരോടാണ്. അഞ്ചു മണിക്കൂര്‍ ബസുകള്‍ തടഞ്ഞിട്ടതോടെ ജീവനക്കാര്‍ ഏറെ ക്ഷീണിതരായി. എട്ട് ഡ്രൈവര്‍മാര്‍ ശാരീരികാസ്വസ്ഥതകളെതുടര്ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് അവധി അനുവദിച്ചതോടെ പകരം ആളെ വച്ചാണ് ബസ് ഓടിച്ചത്.
ട്രെയിനും മുടങ്ങി
തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ മടക്കയാത്ര ബുക്ക് ചെയ്ത തീര്‍ഥാടകര്‍ക്കു മടങ്ങാനായില്ല. ഏറെപ്പേരും പമ്പയില്‍ കുരുങ്ങി. വൈകി വന്നവര്‍ക്ക് ട്രെയിന്‍ കിട്ടിയതുമില്ല. റിസര്‍വേഷന്‍ കിട്ടാനില്ലാതെ ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ ഇനി മടങ്ങണം. അതല്ലെങ്കില്‍ സപെഷല്‍ ട്രെയിന്‍ എത്തുന്നതുവരെ കോട്ടയത്തും ചെങ്ങന്നൂരിലും കാത്തിരിക്കണം.
ചെന്നൈയിലെ പ്രളയവും ആന്ധ്രയിലെ കാറ്റും മൂലം കഴിഞ്ഞയാഴ്ചകളില്‍ അവിടങ്ങളില്‍നിന്നുള്ള വരവ് പരിമിതമായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ അവരുടെ വരവ് വര്‍ധിച്ചു. റെയില്‍വെ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുകയും ചെയ്തു.