കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചത്.
എന്നാൽ അടുത്ത കാലത്തായി സർക്കാർ നിലപാട് മാറ്റിയെന്ന സൂചനയാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ല. സത്യവാംഗ്മൂലം തിരുത്തണോയെന്ന് അവർ നിയമപരമായി തീരുമാനിക്കട്ടെ.
വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സമുദായസംഘനകളുടെ വാദം എഴുതി നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.
എല്ലാ സംഘടനകളേയും കോടതി വിളിക്കുമോയെന്നും അറിയില്ല. എന്തായാലും എന്‍എസ്എസിനെ വിളിക്കും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസില്‍ എസ്എസ്എസ് മുന്നോട്ടു പോകുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
