ശബരിമല കയറാൻ വീണ്ടും യുവതി; കനത്ത സുരക്ഷയുമായി പോലീസും; എന്നാൽ മരക്കൂട്ടത്ത് വച്ച്…

പത്തനംതിട്ട: ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരന്പരാഗത കാനനപാത വഴി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. പോലീസ് കനത്ത സുരക്ഷയുമായി ഒപ്പമുണ്ടായിരുന്നു.

എന്നാൽ മരക്കൂട്ടത്ത് വച്ച് 25 ഓളം വരുന്ന പ്രതിഷേധക്കാർ യുവതിക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തി. മുന്നോട്ടുപോകും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. എങ്കിലും പോലീസ് കനത്ത സുരക്ഷയുമായി യുവതിക്കൊപ്പം നിന്നു. ഇതിനിടെ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവർ മടങ്ങുകയായിരുന്നു.

ഇതിനിടെ പ്രതിഷേധക്കാരുമായി തനിക്ക് സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പോലീസ് അനുമതി നൽകാതിരുന്നത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് മലകയറാനെത്തിയ യുവതിക്ക് പോലീസ് നൽകിയത്. നിങ്ങൾക്ക് സന്നിധാനത്ത് പ്രവേശിക്കണമെന്നുണ്ടെങ്കിൽ എല്ലാ സുരക്ഷയും നൽകാമെന്ന് പോലീസ് അറിയിച്ചിരുന്നു. പന്പയിൽ നിന്നും കമാൻഡോ സേനയെയും വരുത്തി. എന്നാൽ പ്രശ്നങ്ങൾ വേണ്ടെന്ന നിലപാടിൽ യുവതി തിരിച്ചിറങ്ങുകയായിരുന്നു.

തനിക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞെന്ന് സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ പന്പ പോലീസ് സ്റ്റേഷനിലേക്ക് കനത്ത സുരക്ഷയിൽ ആദ്യം എത്തിച്ചു. പിന്നീട് പോലീസ് അകന്പടിയിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

Related posts