ഓ..നമ്മളിതൊക്കെ എത്ര കണ്ടതാ ! മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും ചിത്രത്തിലുണ്ട്; സണ്ണി ലിയോണിനെ കണ്ടത് അത്ര വലിയ അത്ഭുതമായൊന്നും തോന്നിയില്ലെന്ന് സലിംകുമാര്‍…

മമ്മൂട്ടി നായകനായ മധുരരാജയിലെ ഐറ്റം നമ്പറിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. നടിയുടെ മലയാളി ആരാധകരെല്ലാം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആ ചിത്രത്തില്‍ സലിംകുമാറും ഉണ്ടായിരുന്നു.

സണ്ണി ലിയോണുമൊത്തുള്ള സിനിമാ അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് സലിംകുമാര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തനിക്ക് തോന്നിയില്ല എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇനി താന്‍ അഭിനയിക്കാന്‍ പോകുന്നത് സണ്ണി നായികയായി എത്തുന്ന രംഗീലയില്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോണ്‍പ്രധാനവേഷത്തിലെത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ ലൊക്കേഷന്‍ ഗോവയാണ്.’സലിം കുമാര്‍ പറഞ്ഞു. മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും മധുരരാജയിലുണ്ടെന്നാണ് സലിംകുമാര്‍ പറയുന്നത്. മമ്മൂട്ടി പഴയ ഗെറ്റപ്പിലാണെങ്കിലും രാജയുടെ നമ്പറുകള്‍ എല്ലാം പുതിയതാണെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related posts