സ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റു; ഇന്ത്യൻ കട ഉടമയ്ക്ക് എട്ടിന്റെപണി

ന്യൂജേഴ്സി: സ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിട്ടൈസർ വാങ്ങി ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റതിനെതുടർന്നു ഇന്ത്യൻ കട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.

റിവർവെയ്‌ലിലെ കൺവീനിയൻസ് സ്റ്റോർ ഉടമ മനീഷ ബറേഡിനെ (47) എതിരെയാണ് കുട്ടികളെ അപായപ്പെടുത്തുന്ന കെമിക്കൽസ് വിറ്റതിന് കേസെടുത്തത്.

മാർച്ച് 10 നു സ്റ്റോറിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കടയിൽ സൂക്ഷിച്ചിരുന്ന ഒന്പതു കുപ്പി സാനിട്ടൈസർ പിടിച്ചെടുത്തു. ഇതിനകം അഞ്ചെണ്ണം വിറ്റുകഴിഞ്ഞിരുന്നു. സ്പ്രേ സാനിട്ടൈസറിയായിരുന്നു ഇവിടെ നിന്നും പിടികൂടിയത്.

കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ആവശ്യമായ ശുചീകരണ വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടർന്നാണു വീട്ടിൽ നിർമിച്ച സനിട്ടൈസർ വാങ്ങി ഉപയോഗിച്ചത്.

പത്തു വയസുള്ള മൂന്നു കുട്ടികൾക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് സാനിട്ടൈസർ ഉപയോഗിച്ചതിനെ തുടർന്നു പൊള്ളലേറ്റത്. പൊള്ളൽ ഗുരുതരമല്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാനിട്ടൈസറിന്‍റെ ഉപയോഗം ക്രമാതീതമായി വർധിച്ചതിനാൽ നിരോധിക്കപ്പെട്ടതും അപകടമുണ്ടാക്കുന്നതുമായ കെമിക്കൽസ് ഉപയോഗിച്ചു വീടുകളിൽ നിർമിക്കുന്ന ശുചീകരണ വസ്തുക്കൾ സ്റ്റോറുകളിൽ വിൽപന നടത്തരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഫെയ്സ് മാസ്ക്, ഹാൻഡ് സാനിട്ടൈസർ എന്നിവ കടകളിൽ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണു നിലവിലുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment