സരിത, സ്വപ്ന, മോൻസൺ..! പ്രമുഖരെ വീഴ്ത്തുന്ന തട്ടിപ്പിന് ഒരേ സ്റ്റൈൽ; ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായി കാണുന്നത്…

കോട്ടയം: കേരളത്തിലെ രാഷ്‌ട്രീയ -ഉദ്യോഗസ്ഥ വൃന്ദങ്ങളെ പിടിച്ചുകൂലുക്കി മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

സമൂഹത്തെയും അധികാര കേന്ദ്രങ്ങളെയുമൊക്കെ വാഗ്‌വിലാസംകൊണ്ടും കെട്ടുകാഴ്ചകൾക്കൊണ്ടും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാർ ഇപ്പോഴും സമൂഹത്തിൽ വിലസുന്നുണ്ടെന്നാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ വ്യക്തമാകുന്നത്.

മുൻ തട്ടിപ്പുകാരെപ്പോലെ തന്നെ ഏതാണ്ട് വലിയൊരു ഗണം ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ സാമൂഹിക നേതാക്കളെയുമൊക്കെ വലയിലാക്കാൻ മോൻസനു കഴിഞ്ഞിരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്.

ഇത്തരം തട്ടിപ്പുകളൊക്കെ കണ്ടുപിടിച്ചു സമൂഹത്തിനും അധികാരികൾക്കും മുന്നറിയിപ്പു നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർത്തന്നെ അദ്ദേഹത്തിന് ഏറ്റവും വലിയ തുണയായി മാറിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെ കാണിച്ചാണ് പണം കടം നൽകിയവരെയും സമൂഹത്തെയും മാധ്യമങ്ങളെയുമൊക്കെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ളവർ മോൻസന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും അതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നു.

ഇതൊക്ക കണ്ടാണ് പലരും ഇയാളെ വിശ്വസിക്കുകയും പണം നൽകുകയും ചെയ്തതെന്നു പറയുന്നു.

കേരളത്തിൽ അടുത്ത കാലത്തു ചർച്ചയായ പല തട്ടിപ്പ് സംഭവങ്ങളിലെയും നായകനും നായികയുമൊക്കെയായവരുടെ ചരിത്രം സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്.

അധികാര കേന്ദ്രങ്ങളും രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമായി അടുപ്പം സ്ഥാപിച്ചാൽ പിന്നെ സമൂഹത്തിൽ ആരെ വേണമെങ്കിലും തെറ്റിദ്ധരിപ്പിക്കാനും തങ്ങളുടെ തട്ടിപ്പുകൾക്ക് ഇരയാക്കി മാറ്റാനും കഴിയുമെന്നതാണ് കാണുന്നത്.

നേരത്തെ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായർ ഇതുപോലെ രാഷ്‌ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുമായി അടുപ്പം സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന വലിയ വിവാദം ഉയർന്നിരുന്നു.

നിരവധി രാഷ്‌ട്രീയ നേതാക്കളുമായി അവർ വേദി പങ്കിടുന്ന ചിത്രങ്ങളും മറ്റും പുറത്തുവരികയും ചെയ്തു.

പ്രമുഖരുമായുള്ള അടുപ്പത്തിന്‍റെ പേരിൽ പലേടത്തും സോളാർ പാനൽ സ്ഥാപിക്കാമെന്നു വാക്കുകൊടുത്തു പണം തട്ടിയെന്നാണ് ഉയർന്ന ആരോപണം.

ഇവർക്കെതിരേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ നിലവിലുണ്ട്.

ഏറെക്കാലം റിമാൻഡിൽ ജയിലിലും കഴിയേണ്ടിവന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിവാദം കൂടിയായിരുന്നു സോളാർ തട്ടിപ്പ് കേസുകൾ.

എന്നാൽ, തട്ടിപ്പുകാരിയാണെന്ന് അറിയാതെയാണ് തങ്ങൾ വേദി പങ്കിടുകയും അടുപ്പം പുലർത്തുകയും ചെയ്തതെന്ന് അന്നു രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ പ്രതികരിച്ചിരുന്നു.

സ്വപ്ന സുരേഷ് ആണ് അധികാര – രാഷ്‌ട്രീയ ബന്ധങ്ങളിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ച വാർത്തകളിൽ നിറഞ്ഞ മറ്റൊരു വ്യക്തി.

നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തു കേസിലാണ് ഇവർ അറസ്റ്റിലായത്. ഇവരുടെയും രീതികൾ സമാനമായിരുന്നു.

അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളുമൊക്കെ വളരെ അടുത്ത ബന്ധം പുലർത്തി.

ഈ ബന്ധങ്ങൾ മറയാക്കി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടെന്ന അതീവ ഗൗരവതരമായ ആരോപണമാണ് ഇവർക്കെതിരേ ഉയർന്നത്.

അറസ്റ്റിലായ ഇവർ ജാമ്യം പോലും ലഭിക്കാതെ ജയിലിലാണ്. സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെയാണ് ഉലച്ചതെങ്കിൽ സ്വപ്നവിവാദം പിണറായി സർക്കാരിനാണ് തലവേദനയായി മാറിയത്.

മാസങ്ങളോളം പിണറായി വിജയന്‍റെ സർക്കാർ സ്വർണക്കടത്ത്, സ്വപ്നവിവാദങ്ങളിൽ ഉലഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്റ്റിലായി.

ഇദ്ദേഹം സ്വപ്നമായുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ സ്വപ്നയുമായി സൗഹൃദം പുലർത്തിയിരുന്നതായും ആരോപണം ഉയർന്നു.

എന്നാൽ, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥ എന്ന ലേബലിലാണ് തങ്ങൾ ഇവരുമായി ഇടപെട്ടത് എന്ന മറുപടിയാണ് രാഷ്‌ട്രീയ ഉദ്യോഗസ്ഥ നേതാക്കളിൽ പലരും നൽകിയത്.

ഏതാണ്ട് സമാന സംഭവങ്ങളാണ് മോൻസനിലൂടെ വീണ്ടും അരങ്ങേറിയിരിക്കുന്നത്.

കൃത്രിമമവും അല്ലാത്തതുമായി പുരാവസ്തു ശേഖരത്തിലൂടെയും ആഡംബരങ്ങളിലൂടെയും ആളുകളെ സമർഥമായി കബളിപ്പിച്ചു തട്ടിപ്പിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരേയുള്ള ആരോപണം.

ആളുകളെ വാഗ്‌വിലാസത്തിലൂടെ വീഴിക്കാനുള്ള കഴിവാണ് ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായി കാണുന്നത്. ആളുകളുമായി ഇടപെടാനും ബന്ധങ്ങൾ ഉണ്ടാക്കാനും അതു തങ്ങളുടെ തട്ടിപ്പുകൾക്കായി ഉപയോഗിക്കാനും ഇവർക്കൊക്കെ പ്രത്യേക മികവ് ഉണ്ടായിരുന്നു.

സംശയ ദൃഷ്ടിയോടെ ഇത്തരം കാര്യങ്ങളെ സമീപിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും പോലും കബളിപ്പിക്കാൻ ഇവർക്കു കഴിഞ്ഞു എന്നതാണ് അന്പരപ്പിക്കുന്ന കാര്യം.

Related posts

Leave a Comment