കെണി പൊട്ടിച്ച് ശശീന്ദ്രൻ പുറത്തേക്ക്..! ഫോൺകെണി കേസിൽ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി; വിധിയിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ

തിരുവനന്തപുരം: ഫോണ്‍കെണി കേസിലെ വിധിയിൽ സന്തോഷമുണ്ടെന്ന് മുൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. തനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍കെണി കേസിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.

മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് എൻസിപി നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വവും ടി.പി. പീതാംബരൻ മാസ്റ്ററും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും തനിക്കു പിന്തുണ നൽകിയ മാധ്യമങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഫോൺകെണി വിവാദത്തെ തുടർന്നാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. ശശീന്ദ്രന്‍റെ രാജിയെ തുടർന്നു എൻസിപിയുടെ എംഎൽഎയായ തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്നു തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവച്ചു. ഇതേതുടർന്നു എൻസിപിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശം വയ്ക്കുകയായിരുന്നു.

കുറ്റവിമുക്തനാകുന്നവർക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് എൻസിപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രനു മടങ്ങിവരാനാകും.

Related posts