പശുവിനെ പ്രത്യേക രീതിയില്‍ തടവിയാല്‍ രക്തസമ്മര്‍ദം മാറും! ഗോമൂത്രവും ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവയുടെ മിശ്രിതവും നിശ്ചിത അളവില്‍ കഴിച്ചാണ് സ്തനാര്‍ബുദം മാറിയതെന്ന് സാധ്വി പ്രജ്ഞ

ഗോമൂത്ര മിശ്രിതവും പശുക്കളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളും തന്റെ അര്‍ബുദം ഇല്ലാതാക്കിയെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞ. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാധ്വി പ്രജ്ഞ ഇക്കാര്യം പറഞ്ഞത്.

പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണെന്നും ഗോധനം അമൃതാണെന്ന കാര്യം പലരും മനസിലാക്കുന്നില്ലെന്നും സാധ്വി പറഞ്ഞു.

പശുക്കളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്ത്തി. ഗോമൂത്രം കുടിച്ച് തന്റെ സ്തനാര്‍ബുദം മാറിയതാണ് സാധ്വി സ്വന്തം അനുഭവത്തില്‍ നിന്നും എടുത്തുപറയുന്ന നേട്ടം. തനിക്ക് സ്തനാര്‍ബുദമുണ്ടായിരുന്നു. ഗോ മൂത്രവും പഞ്ചഗവ്യം ചേര്‍ത്ത ആയുര്‍വേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും സാധ്വി അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും സാധ്വി അവകാശപ്പെട്ടു.

ഒരാള്‍ പശുവിനെ ഒരു പ്രത്യേക രീതിയില്‍ തടവിയാല്‍ അയാളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നില്‍ നിന്നും കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങള്‍ ദിവസവും ചെയ്താല്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കില്‍ രക്തസമ്മര്‍ദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും സാധ്വി പറഞ്ഞു.

Related posts