സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്; മലയാളികൾക്ക് തിരിച്ചടിയാകും

ജിദ്ദ: സൗദി അറേബ്യ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്‍റെ ഭാഗമായി 12 തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സ്വദേശി പൗര·ാർക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 11 മുതൽ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക.

പുതിയ ഹിജ്റ വർഷാരംഭമായ സെപ്റ്റംബർ 11 ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകൾ എന്നിങ്ങനെയായിരിക്കും സൗദിവത്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തുവിട്ടുകൊണ്ട് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ വാഹനം, മോട്ടോർ ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഫർണിച്ചർ കടകൾ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ എന്നിവ കൂടി സ്വദേശിവൽകൃതമാകും. അവസാന ഘട്ടത്തിൽ ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഓട്ടോ സ്പെയർ പാർട്സ് കടകൾ, മധുരപലഹാര കടകൾ, പരവതാനി കടകൾ എന്നിവയാണ് സ്വദേശിവത്കരണത്തിന് വഴിമാറുന്നത്.

സ്വന്തം നാട്ടുകാരായ യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും.

മൊബൈൽ ഫോണ്‍, സ്വർണാഭരണം, സ്ത്രീകൾക്കുള്ള സാധനങ്ങൾ തുടങ്ങിയവയുടെ കടകളിൽ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴിൽ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളിൽ കൂടി പുതുതായി ഏർപ്പെടുത്തുന്നതോടെ സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ പ്രതിസന്ധി ഉണ്ടാക്കും.

Related posts