കോവിഡിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ! പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് സൂചന; കോവിഡിനെതിരായ പോരാട്ടത്തിലെ പുതിയ പുരോഗതികള്‍ ഇങ്ങനെ…

കോവിഡ് 19ന് കാരണമായ സാര്‍സ്-കോവ്-2 വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡി കണ്ടെത്തിയതായി അവകാശപ്പെട്ട് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

47ഡി11 എന്നപേരില്‍ അറിയപ്പെടുന്ന ഈ ആന്റിബോഡി, വൈറസിന്റെ മുള്ളിനു സമാനമായ പ്രോട്ടീനുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഈ സ്‌പൈക്ക് പ്രോട്ടീനുകളാണ് മനുഷ്യ കൊശത്തില്‍ തൂങ്ങിനില്‍ക്കാനും സ്വന്തം ജനിതകഘടന അകത്തേക്ക് കടത്തി വിടാനും കോവിഡ് വൈറസുകളെ സഹായിക്കുന്നത്.

ഇവയെ നിര്‍വ്വീര്യമാക്കിയാല്‍ രോഗത്തില്‍ നിന്നു തന്നെ രക്ഷനേടാം എന്നിരിക്കെ ഈ കണ്ടുപിടുത്തം, കൊറോണയെ ചെറുക്കുവാനുള്ള നടപടികളില്‍ അതീവ പ്രാധാന്യം ഉള്ള ഒന്നാണ്.

ലോകത്ത് രണ്ടരലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത് കുതിക്കുന്ന വൈറസിനെ നശിപ്പിക്കാന്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്നതാണ് പുതിയ കണ്ടുപിടിത്തം എന്നാണ് വിലയിരുത്തല്‍.

ഈ ആന്റിബോധി മനുഷ്യശരീരത്തിലേക്ക് കുത്തിവച്ചാല്‍ ഈ പകര്‍ച്ചവ്യാധിയുടെ ഗതി തന്നെ മറ്റൊന്നാകും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധമരുന്നായും ഇത് ഉപയോഗിക്കാനാകും.

മനുഷ്യ ജീനുകള്‍ വഹിക്കുവാന്‍ തക്കവണ്ണം മാറ്റങ്ങള്‍ വരുത്തിയ എലിയുടെ കോശരേഖകളില്‍ നിന്നാണ് ഈ ആന്റിബോഡി കണ്ടുപിടിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇത് പ്രധാനമായും 2003ലെ സാര്‍സ് രോഗത്തിന് കാരണമായ സാര്‍സ്-കോവ്-1 വൈറസിനേയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും, അതേ കുടുംബത്തില്‍ പെട്ട സാര്‍സ്-കോവ്-2 വൈറസിനെതിരേയും ഇത് ഫലവത്താകുമെന്നാണ് ഇത് കണ്ടുപിടിച്ചവര്‍ അവകാശപ്പെടുന്നത്.

വിവിധ തരം സാര്‍സ്-കോവ് വൈറസുകളെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ശേഖരണത്തില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇത് കണ്ടുപിടിച്ചതെന്നും അവര്‍ പറഞ്ഞു.

എലിയുടെ കോശങ്ങളിലേക്ക് സാര്‍സ്, മെര്‍സ് തുടങ്ങിയ വിവിധ വൈറസുകളുടെ പ്രോട്ടീന്‍ കുത്തിവച്ചതിനു ശേഷം ഈ കോശങ്ങള്‍ ഉദ്പാദിപ്പിച്ച 51 ആന്റിബോഡികള്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു.

അതില്‍ ഒന്നാണ് 47ഡി11 എന്ന ആന്റിബോഡി. ഇതിനാണ് സാര്‍സ് – കോവ്-2 വൈറസിനെ ചെറുക്കാനുള്ള ശക്തി ഉണ്ടെന്ന് അവകാശപ്പെടുന്നത്.

എന്നാല്‍ ഈ പരീക്ഷണത്തില്‍ ചില പാളിച്ചയുണ്ടെന്നും ചിലര്‍ അനുമാനിക്കുന്നു. ജീവനുള്ള ജീവികളിലല്ല ജീവകോശങ്ങളിലാണ് ഇവ പരീക്ഷിച്ചത് എന്നതാണ് വാസ്തവം.

ജനിതകമാറ്റം വരുത്തിയ എലികളെ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയിലൂടെ അമേരിക്കന്‍ ആസ്ഥാനമായ ഹാര്‍ബര്‍ ബയോ മെഡ് ആണ് ആന്റിബോഡികളെ വേര്‍തിരിച്ചത്. ലോകത്തിന്റെ നിരവധി ഭാഗങ്ങളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment