ഹൈക്കോടതിയിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചിനെതിരേ പ്രതിഷേധം ശക്തമാകുന്നു, ശുദ്ധ തെമ്മാടിത്തരമെന്ന് യൂത്ത് ലീഗ്, എസ്ഡിപിഐക്ക് മുസ്‌ലീം ചെറുപ്പക്കാര്‍ മറുപടി പറയുമെന്ന് ടി. സിദിഖ്

sdpiഹാദിയ കേസിന്റെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ എസ്ഡിപിഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസും കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖും രംഗത്ത്. ഹാദിയ കേസിലെ വിധിയുടെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതും ജഡ്ജിമാരെ അധിക്ഷേപിച്ചതും തെമ്മാടിത്തമാണെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹാദിയ കേസില്‍ പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. അതിന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലാണോ പോം വഴിയെന്നാണ് ഫിറോസിന്റെ ചോദ്യം. ഹാദിയ കേസില്‍ ചാടിപ്പുറപ്പെട്ട എല്ലാവരും തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി അന്യമതം സ്വീകരിച്ചാല്‍ അവളെ ശപിക്കാനും ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു.

ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയിട്ട് ഏതെങ്കിലും കേസിലെ വിധി മാറിയ ചരിത്രമുണ്ടോ. നിങ്ങള്‍ എന്തിനാണ് മുസ്‌ലിം ഏകോപന സമിതി എന്ന പേരില്‍ മാര്‍ച്ചും ഹര്‍ത്താലും നടത്തുന്നതെന്നും എസ്ഡിപിഐ എന്ന പേരില്‍ തന്നെ നടത്തിയാല്‍ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. നിങ്ങളുടെ ഏകോപന സമിതിയില്‍ ആരെക്കെയുണ്ടെന്നും മുസ്‌ലിം ലീഗ് എന്തായാലും ഇല്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു. എസ്ഡിപിഐയെ ആരാണ് മുസ്‌ലീം സമുദായത്തിന്റെ നേതൃത്വം ഏല്പിച്ചതെന്നായിരുന്നു ടി. സിദ്ധിഖിന്റെ വിമര്‍ശനം.

Related posts