സന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ അനാശാസ്യം കൊഴുക്കുന്നു; ഗള്‍ഫിലെത്തുന്ന വനിതകളില്‍ നല്ലൊരു പങ്കും കേരളത്തില്‍ നിന്ന്; കലായാത്രകളുടെ മറവില്‍ തീവ്രവാദികളും രാജ്യം വിടുന്നു…

 ജോലിയ്‌ക്കെന്ന വ്യാജേന യുവതികളെ ഗള്‍ഫിലെത്തിച്ച് അനാശാസ്യം നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നത് രാജ്യ സുരക്ഷയ്ക്ക ഭീഷണിയാകുമെന്ന് ആശങ്ക. രാജ്യത്തെ കൊടും കുറ്റവാളികളും ഈ മാര്‍ഗമുപയോഗിച്ച് രാജ്യം വിടാനുള്ള സാധ്യതയാണ് ആശങ്കയുണര്‍ത്തുന്നത്.

കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ലൈംഗിക വ്യാപാരത്തിന് താത്പര്യമുള്ള വനിതകളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്റുമാരാണ്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പൈസ കൊടുത്താല്‍ യാത്രയ്ക്ക് തടസ്സമില്ലാതാക്കാന്‍ പാകത്തില്‍ ഉദ്യോഗസ്ഥതലത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. വിദേശത്ത് കലായാത്രകള്‍ക്കു പോകുന്ന സംഘത്തിന്റെ മറപറ്റിയും ചില തീവ്രവാദികള്‍ വിദേശത്തു കടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്തായാലും പുതിയ റിക്രൂട്ട്‌മെന്റ് ഉന്നതതലത്തില്‍ ചര്‍ച്ചയാവുകയാണ്.

കനത്ത ആദായമാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകര്‍ഷിക്കുന്നത്. മിക്കവരും ഒരു മാസത്തേക്കാണ് പോകുന്നത്. പ്രതിദിന ഇടപാടുകളിലൂടെ 1,500 മുതല്‍ 3,000 ദിര്‍ഹം വരെ (25,000 മുതല്‍ 50,000 രൂപ വരെ) നേടാന്‍ ഒരാള്‍ക്ക് സാധിക്കും. ഇതില്‍ പകുതി സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ക്കാണ്. ഗള്‍ഫില്‍ നിരവധി മലയാളികള്‍ ഇത്തരം ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവരില്‍ പലര്‍ക്കും ഗള്‍ഫിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും മികച്ച ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ എന്തെങ്കിലും വിധത്തിലുള്ള കുഴപ്പങ്ങളില്‍ പെട്ടാല്‍ വേഗത്തില്‍ ഊരാനുമാകും. പലപ്പോഴും പിടിക്കപ്പെട്ട് ജയിലിലായവരെ പുറത്തിറക്കി നാട്ടിലെത്തിക്കാന്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

എന്നാല്‍ ചിലര്‍ നിശ്ചിത കാലയളവിലേക്ക് പോയിട്ട് ഏജന്റുമാരുടെ സഹായമില്ലാതെ സ്വതന്ത്രമായി ബിസിനസ് നടത്താറുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോയ ഒരു വനിതയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും കാശുകണ്ടു കണ്ണു മഞ്ഞളിച്ച ഇവര്‍ ഒരാഴ്ച കൂടി അവിടെ തങ്ങി. എന്നാല്‍ ഇവര്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഏജന്റ് സലാം പറഞ്ഞു മടങ്ങി. കാലാവധി മറികടന്നത് പിഴയടച്ച് രക്ഷപ്പെടാമെന്ന ഉപദേശം ചിലര്‍ നല്‍കിയതോടെ ഇവര്‍ക്കു ധൈര്യമായി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കു തിരിച്ചപ്പോള്‍ പിടിവീണു. തുടര്‍ന്ന് തടങ്കലിലുമായി.

ഇത്തരം ജയിലുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലാത്തതിനാല്‍ ഇവര്‍ സഹായത്തിനായി ഏജന്റിനെ വിളിച്ചു. എന്നാല്‍ അവര്‍ കൈയൊഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് മറ്റൊരു ഏജന്റിന്റെ സഹായത്തോടെ ഇവര്‍ ജയില്‍ മോചിതയായി നാട്ടിലെത്തി. വീണ്ടും ഇടപാടിനായി വിദേശത്തെത്തിയപ്പോഴാണ് പഴയ ഏജന്റു പോലും വിവരമറിയുന്നത്. ഇത്തരത്തില്‍ ഗള്‍ഫിലെത്തിയതിനു ശേഷം വന്‍ സെറ്റപ്പ് പടുത്തുയര്‍ത്തുന്നവരുണ്ടെന്നതും ഇതിന്റെ വ്യാപ്തി വിശദമാക്കുന്നു.

 

 

Related posts