സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതരമായ ലൈംഗികാരോപണം; ആറു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി 40 ദിവസം പിന്നിട്ടിട്ടും നടപടിയില്ല…

 

തിരുവനന്തപുരം: സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതര ലൈംഗികാരോപണം. തങ്ങളെ അധ്യാപകന്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് ആറു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരേ നടപടിയില്ല.

അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. ഇതിനിടെ, കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തുന്നുണ്ടെന്നാണു വിവരം. പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടും ഡയറക്ടറുടെ തെളിവെടുപ്പും പരിഗണിച്ചായിരിക്കും നടപടിയുണ്ടാകുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. വേദാന്തം, സാഹിത്യം, ജ്യോതിഷം, ന്യായം, വ്യാകരണം എന്നിവയിലാണു ബിരുദകോഴ്‌സുള്ളത്. ഇതില്‍ ഏതു ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കുട്ടികളാണ് പീഡനത്തിനിരയായതെന്ന് വ്യക്തമല്ല.

അധ്യാപകനെയും പരാതിക്കാരെയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു. മറ്റ് അധ്യാപകരില്‍ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷം നടപടിയെടുക്കുമെന്നാണ് അറിവ്. എന്നാല്‍, പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതിരിക്കുന്നത് ആക്ഷേപത്തിന് വഴിവച്ചിട്ടുണ്ട്. പീഡനവിവരം പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥിനികളുടെ ഭാവിയെ ബാധിക്കുമെന്ന ഭീതിയാല്‍ വനിതാ കമ്മിഷനിലോ, വനിതാ സെല്ലിലോ പരാതി നല്‍കിയില്ല. കുട്ടികളുടെ മാതാപിതാക്കളും കേസുമായി ബന്ധപ്പെട്ട് കോളജിയേറ്റ് ഡയറക്ടറേറ്റില്‍ മൊഴിനല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളജിയേറ്റ് ഡയറക്ടറേറ്റ് അധികൃതര്‍ സമ്മതിക്കുന്നു. ഡയറക്ടര്‍ എം.എസ്. ജയ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മുമ്പ് യുപിഎസ് സി പരീക്ഷക്കിടെ ഒരു അധ്യാപകന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അന്നും അധ്യാപകനെതിരേ പരാതി എടുത്തില്ല

 

Related posts