മേലുദ്യോഗസ്ഥന്‍ അഴിമതിക്കാരനെന്ന് കീഴുദ്യോഗസ്ഥര്‍; കലികയറിയ മേലുദ്യോഗസ്ഥന്‍ അടിച്ചു പൂസായെത്തി വനം വകുപ്പ് ഓഫീസിന്റെ കതകുകള്‍ അടിച്ചു തകര്‍ത്തു;പാതിരാത്രിയില്‍ നടന്നത്…

ഇടുക്കി: വനംവകുപ്പ് ഓഫീസില്‍ മദ്യപിച്ചെത്തിയ മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ ഒരു വനംവകുപ്പ് ഓഫീസില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി രണ്ടിനാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ചശേഷം കമ്പിവടിയുമായി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ഓടി ഓഫീസിലെ മുറിക്കുള്ളില്‍ കയറി കതകടച്ചാണ് ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇയാള്‍ സ്‌റ്റേഷനിലെ വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഇതു സാധിക്കാതെ വന്നതോടെ ഓഫീസിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ നടത്തിയ അഴിമതികളും എണ്ണിപ്പറിഞ്ഞിരുന്നു. ഇതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ജീവനക്കാര്‍ ഇന്നലെ പോലീസിലും ഡി.എഫ്.ഒയ്ക്കും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരേ നിലവിലുണ്ട്. ആരോപണവിധേയനായ ഇദ്ദേഹം വിനോദ സഞ്ചാര മേഖലയിലെ ഒരു വനം വകുപ്പ് ഓഫീസില്‍ ചാര്‍ജെടുത്തിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ.

ഇതിനകം എട്ടു സസ്‌പെന്‍ഷനുകളാണ് ഇയാളുടെ സമ്പാദ്യം. വനംവകുപ്പില്‍ ഏറ്റവുമധികം സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും ഇയാളാണ്. മറയൂരില്‍ തടിവെട്ടിയ കേസും സ്ഥലം കൈയേറിയ കേസും ഇയാള്‍ പണം വാങ്ങി ഒതുക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ തന്നെ ഇദ്ദേഹത്തിനെതിരേ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. അഴിമതിക്കാരനായ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കൊപ്പം ജോലിചെയ്യാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി സഹജീവനക്കാര്‍ പലരും അടുത്തിടെ അവധിയെടുത്തിരുന്നു. പല കേസുകളും ഇദ്ദേഹം കൈക്കൂലി വാങ്ങി ഒതുക്കിത്തീര്‍ത്തതായി ആരോപണമുണ്ട്. ഈ സംഭവങ്ങളില്‍ ഇപ്പോള്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

 

 

Related posts