കോഴിക്കോട്ടെ വാടക വീട്ടിൽ മോഡൽ ദുരൂഹമായി മരിച്ച നിലയിൽ! ഭർത്താവ് കസ്റ്റഡിയിൽ; ഇരുവരും വിവാഹിതരായത് ഒന്നര വര്‍ഷം മുമ്പ്‌

കോഴിക്കോട്: കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ ദുരൂഹമായി മരിച്ചനിലയിൽ കണ്ടെത്തി.

കാസർഗോഡ് ചെറുവത്തൂർ സ്വദേശിനിയായ ഷഹന(20)യാണ് മരിച്ചത്. കോഴിക്കോട് പറന്പിൽ ബസാറിലെ വാടക വീട്ടിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഒന്നര വർഷം മുന്പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ചെറുവത്തൂരിൽനിന്നു പറന്പിൽ ബസാറിലെത്തി വാടക വീട്ടിൽ താമസിക്കുകയായിരുന്നു.

ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഡലും യു ട്യൂബറുമായിരുന്ന റിഫ മെഹ്നാസിന്‍റെ ദുരൂഹ മരണവും പോസ്റ്റ്മോർട്ടവും ഭർത്താവിനായുള്ള തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു ആരോപണം കൂടി ഉയരുന്നത്.

ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതമായി നടക്കുകയാണ്.

ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല.

തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍നിന്നു പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ തേടിയെത്തിയത്.

എന്നാല്‍, ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിനു മെഹ്നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്‍റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.

കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക് ആന്തരികാവയങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകും. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മറ്റു നടപടികളിലേക്കു നീങ്ങാനാണ് പോലീസ് ആലോചിക്കുന്നത്.

റിഫയുടെ മാതാപിതാക്കളില്‍നിന്നു കഴിഞ്ഞ ദിവസം പോലീസ് സംഘം മൊഴിയെടുത്തിരുന്നു.റിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ പോലീസിനോടു വിശദീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍നിന്നു റിഫയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

വ്ളോഗറും ആല്‍ബം നടിയുമായ റിഫ കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്നു ദുബായിയിലേക്കു പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.

മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവ് റാഷിദ് വടകര റൂറല്‍ എസപി എ.ശ്രീനിവാസിനു പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

Related posts

Leave a Comment