തിരുവനന്തപുരം: വീണ്ടും നരേന്ദ്ര മോദി സ്തുതിയുമായി ശശി തരൂർ എംപി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നും കേന്ദ്രത്തിനെതിരേ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും ശശി തരൂർ പറഞ്ഞു.
ഡൽഹിയിലെ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുവേയാണ് നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ തരൂർ പുകഴ്ത്തിയത്. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്ത്താൻ മോദിക്ക് കഴിഞ്ഞു. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ശശി തരൂർ പറഞ്ഞു.അതേസമയം ശശി തരൂരിന്റെ പരാമർശത്തെ ബിജെപിയും ഏറ്റെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തരൂരിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.
തരൂരിനെ ടാഗ് ചെയ്തുള്ള കുറിപ്പിൽ. റഷ്യ-യുക്രെയ്ൻ യുദ്ധത്തില് മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്ശം അഭിനന്ദനാര്ഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മറ്റു കോണ്ഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര് കാണുന്നത് സ്വാഗതാര്ഹമാണെന്നും കെ.സുരേന്ദ്രൻ കുറിച്ചു.
അതേസമയം തരൂരിന്റെ മോദി പ്രശംസയെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. മോദിയെ പുകഴ്ത്തുന്നത് കോണ്ഗ്രസ് നേതാവിന് ചേർന്നതല്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.കോണ്ഗ്രസ് പാർട്ടിക്ക് വ്യക്തമായ നയവും നിലപാടും ഉണ്ട്. അത് ഏത് ഉന്നതനായാലും പാലിക്കണം. അതിന് കഴിയാത്തവർ പാർട്ടിയിൽ തുടരരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.