ലഖ്നോ: ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായി ബിജെപി എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി ബിഎൽ വർമ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും ഇത്തവണ അവസരം നൽകിയിട്ടില്ല. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന മന്ത്രി ധർമപാൽ സിംഗ്, അഭിഭാഷകനായ രാധാകാന്ത് ഓജ, സംസ്ഥാന ഒബിസി മോർച്ച അധ്യക്ഷൻ പ്രകാശ് പാൽ, മുൻ എംപി വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, മുൻ എംപി പ്രിയങ്ക സിംഗ് റാവത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി രാം പ്രതാപ് സിംഗ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി, മേഖല സമവാക്യങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. മൂന്ന് ഒബിസി, മൂന്ന് ജനറൽ, മൂന്ന് പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. ബിജെപിയുടെ എട്ട് സ്ഥാനാർഥികളും സമാജ്വാദി പാർട്ടിയുടെ രണ്ട് സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ കളമൊരുങ്ങിയിട്ടുണ്ട്.
