ഇതും പോലീസാണ്, നെടുങ്കണ്ടത്ത് ആത്മഹത്യ ചെയ്ത വയോധികന്റെ മകന്റെ പക്കല്‍ നിന്നും സിഐയും എഎസ്‌ഐയും കൈക്കൂലിയായി വാങ്ങിയത് ഒരു ലക്ഷം രൂപ! ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണി

ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ കൈക്കുലി വാങ്ങിയ സംഭവത്തില്‍ നെടുങ്കണ്ടം സിഐ ബി. അയ്യുബ്ഖാനെയും എഎസ്‌ഐ സാബു മാത്യുവിനെയും കൊച്ചി റേഞ്ച് ഐജി സസ്‌പെന്‍ഡുചെയ്തു. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഐജിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് നടപടി.

ഇരുവരെയും ബുധനാഴ്ച സ്ഥലംമാറ്റിയിരുന്നു. അയ്യുബ്ഖാനെ മുല്ലപ്പെരിയാറിലേക്കും സാബുവിനെ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കുമാണ് സ്ഥലംമാറ്റിയിരുന്നത്. ഹൈറേഞ്ചില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ പിതാവില്‍നിന്നുമാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. ഈമാസം ആറിനാണ് തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറിനെ (86) വീടിനുള്ളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശുചിമുറിയില്‍ കയറിയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്തു പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയിലാണ് മീരാന്‍ റാവുത്തറെ കണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിഐയും എഎസ്‌ഐയും ഇവരുടെ വീട്ടിലെത്തി മരണം കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.

മീരാന്‍ റാവുത്തറുടെ മകന്‍ സുലൈമാന്‍ നെടുങ്കണ്ടം സിഐ ഓഫീസിലെത്തി പണം കൈമാറുകയായിരുന്നു. സുലൈമാന്റെ മകന്‍ ഹൈറേഞ്ചില്‍ ജോലിചെയ്യുന്ന പോലീസുകാരനാണ്. സംഭവമറിഞ്ഞ് എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ഡിവൈഎസ്പി പി. സുകുമാരന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പണം നല്‍കിയതിനു തെളിവു ലഭിച്ചതോടെയാണ് രണ്ടുപേരെയും സ്ഥലംമാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. നെടുങ്കണ്ടം സ്റ്റേഷനില്‍ പുതിയ സിഐയായി റെജി എം. കുന്നിപ്പറമ്പന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. കഴിഞ്ഞ ആറുമാസമായി റെജി എം. കുന്നിപറമ്പന്‍ മെഡിക്കല്‍ ലീവിലായിരുന്നു

Related posts