കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തല്ലിയ ഗായിക അരുണിമയെ ന്യായീകരിച്ച് കൂട്ടുകാരി രംഗത്ത്, അരുണിമ മദ്യപിച്ചിരുന്നുവെന്ന വാദം തെറ്റ്, കാലില്‍ ചവിട്ടിയതിനെ മര്‍ദിച്ചുവെന്നാക്കി, ദിയയുടെ ന്യായീകരണം ഇങ്ങനെ

സ്റ്റോപ്പില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിലേക്ക് അതിക്രമിച്ചു കയറി ഡ്രൈവറെ മര്‍ദിച്ച ഗായികയായ കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.

സോഷ്യല്‍മീഡിയയില്‍ അടക്കം അരുണിമയ്‌ക്കെതിരേ വലിയതോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണവും പലരും ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അരുണിമ നിരപരാധിയാണെന്ന വാദവുമായി ഇവരുടെ സുഹൃത്ത് ദിയ സന രംഗത്തെത്തിയിരിക്കുന്നു.

ദിയ പറയുന്നതിങ്ങനെ- അരുണിമയും ഭര്‍ത്താവ് ജിജിത്തും കുഞ്ഞും കാറില്‍ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാര്‍ ഓടിച്ചിരുന്നത്. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഭര്‍ത്താവ് ജിജിത്ത് പെട്ടെന്ന് പേടിച്ച് കാര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു.

കുപിതയായ യുവതി ഭര്‍ത്താവിനെക്കൊണ്ട് കാര്‍ ബസ്സിനു കുറുകെ നിര്‍ത്തിച്ചശേഷം ബസ് ഡ്രൈവറുടെ ഡോര്‍ തുറന്ന് കാലില്‍ തട്ടി സംസാരിച്ചു. ഇതിനെയാണ് മര്‍ദ്ദിച്ചു എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമമെന്നും ദിയ ചൂണ്ടിക്കാണിക്കുന്നു.

ഗായിക കൂടിയായ അരുണിമ മുടി കളര്‍ ചെയ്തിരുന്നത് മറ്റു പല അനാവശ്യ കമന്റുകള്‍ക്കും ഇടയാക്കുന്നുണ്ടെന്നു ദിയ പറയുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി യാതൊരു തെളിവുകളും കൂടാതെ അരുണിമ മദ്യപിച്ചിരുന്നുവെന്നും ഡ്രഗ് അഡിക്റ്റ് ആണെന്നും വരുത്തിത്തീര്‍ക്കുവാനും ചിലര്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കൂട്ടുകാരിയെ രക്ഷിക്കാനുള്ള ദിയയുടെ ശ്രമമായിട്ടാണ് പലരും ഈ സംഭവത്തെ കാണുന്നത്.

ദേശീയപാതയില്‍ പുറക്കാട് ജംക്ഷനില്‍ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍.

താന്‍ ഗായികയാണെന്നും കരുനാഗപ്പള്ളിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണെന്നുമാണ് അറസ്റ്റിലായ അരുണിമ പോലീസിനോട് പറഞ്ഞത്. അരുണിമയും ഭര്‍ത്താവ് ജിജിത്തും കുഞ്ഞും സഞ്ചരിച്ച കാര്‍ ബസുമായി ചെറുതായൊന്ന് ഉരസിയിരുന്നു. തുടര്‍ന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് പറയുന്നു.

Related posts