ഉറക്കം ഒരു വരുമാന മാർഗമാക്കി മാറ്റി ലക്ഷങ്ങൾ നേടിയിരിക്കുകയാണ് മുംബൈ സ്വദേശിയായ ജിനിയ ചാറ്റർജി. ഫർണിഷിംഗ് കമ്പനിയായ ‘വേക്ഫിറ്റ്’ (Wakefit) സംഘടിപ്പിച്ച സ്ലീപ്പ് ഇന്റേൺഷിപ്പിൽ വിജയിച്ചാണ് ജിനിയ 9.6 ലക്ഷം രൂപയും കമ്പനി സ്പോൺസർ ചെയ്യുന്ന സൗജന്യ യാത്രയും സ്വന്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തിലധികം അപേക്ഷകരിൽ നിന്നാണ് വ്യക്തിഗത അഭിമുഖങ്ങൾക്കും വിവിധ ഘട്ടങ്ങളിലെ സ്ക്രീനിംഗിനും ശേഷം 10 പേരെ മാത്രം ഫൈനൽ ഇന്റേൺഷിപ്പിലേക്ക് തിരഞ്ഞെടുത്തത്. 60 ദിവസത്തോളമായിരുന്നു മത്സരം.
വെറുതെ ഉറങ്ങുക മാത്രമല്ല, കൃത്യമായ സ്ലീപ്പ് ഷെഡ്യൂൾ പാലിക്കുന്നതിനൊപ്പം ക്രിയേറ്റീവായ ടാസ്കുകളും പൂർത്തിയാക്കണമായിരുന്നു. സിനിമയിലെ രംഗങ്ങൾ ഉറക്കവുമായി ബന്ധപ്പെടുത്തി പുനരാവിഷ്കരിക്കുന്ന ‘സ്ലീപ്പ് സിനിമ’, സംഭാഷണത്തിനിടെ മറ്റുള്ളവർ അറിയാതെ ‘ബ്ലാങ്കറ്റ്’, ‘പില്ലോ’ എന്നീ വാക്കുകൾ 10 തവണ ഉപയോഗിക്കേണ്ട ‘അണ്ടർകവർ സ്ലീപ്പ് മിഷൻ’ തുടങ്ങിയ കൗതുകകരമായ ടാസ്കുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു.
അവസാന റൗണ്ടിൽ എത്തിയ നാല് പേർക്കായി റെഫറൻസ് ചിത്രങ്ങൾ നോക്കി കിടപ്പുമുറി ക്രമീകരിക്കുന്ന ‘മെമ്മറി ഫോം ചലഞ്ച്’, തലയിണ, എയർകണ്ടീഷണർ സെറ്റിംഗ്സ്, ലൈറ്റിംഗ് എന്നിവ ലേലം വിളിച്ചെടുക്കുന്ന ‘സ്ലീപ്പ് ലേലം’ എന്നിവ സംഘടിപ്പിച്ചു. ഇതിലൂടെ ലഭിച്ച സ്ലീപ്പ് സ്കോറുകളാണ് ജിനിയയെ വിജയത്തിലെത്തിച്ചത്.
2019-ൽ ആരംഭിച്ച ഈ വേക്ഫിറ്റ് സ്ലീപ്പ് ഇന്റേൺഷിപ്പിൽ ഇതിനകം 10 ലക്ഷത്തിലേറെ പേർ അപേക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സീസൺ 6-ലേക്കുള്ള പ്രീ-രജിസ്ട്രേഷൻ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
