കോട്ടയം: പാസഞ്ചര്‍ ട്രെയിന്‍ ബോഗിക്കുള്ളില്‍ പാമ്പുകയറില്ലെന്നും ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളുവെന്നും റെയില്‍വെ പറയുന്നു. അതേസമയം കൊച്ചി-മധുര എക്സ്പ്രസ് ട്രെയിനില്‍ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ഇന്നലെ യാത്രക്കാരന് പാമ്പുകടിയേറ്റതില്‍ യാത്രക്കാർ ആശങ്കയിൽ.
യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ ട്രെയിനുകളുടെ വാതിലുകള്‍ ബന്ധിക്കാറുണ്ടെങ്കിലും കാലപ്പഴക്കം ചെന്നവയുടെ വിടവുകളിലൂടെയോ ജനാലകളിലൂടെയോ കംപാര്‍ട്ട്മെന്റില്‍ പാമ്പ് കയറാന്‍ സാധ്യതയുണ്ട്. പാളങ്ങളുടെ അടിയില്‍ എലിയും പാമ്പും നായകളും പതിവുള്ളതുമാണ്.
അതേ സമയം യാത്രക്കാര്‍ അറിഞ്ഞോ അറിയാതെയോ ലഗേജില്‍ പാമ്പ് കയറിപ്പറ്റി ഇത് യാത്രക്കാര്‍ ഭീഷണിയാകാമെന്ന് റെയില്‍വെ സുരക്ഷാ വിഭാഗം സംശയിക്കുന്നു. തിരക്കേറിയ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുക എളുപ്പമല്ല.
മീന്പാത്രങ്ങളും കുട്ടയും വട്ടിയും പണിസാധനങ്ങളുമായി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ ഏറെയാണ്. യാത്ര അവസാനിപ്പിക്കുമ്പോള്‍ ബോഗിയുടെ പുറംഭാഗം കഴുകുന്നതിനൊപ്പം ഉള്‍വശം വാക്വം ക്ലീനര്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുക. പാറ്റയും പല്ലിയും മൂട്ടയും പോലുള്ള ജീവികളെ ഇത്തരത്തിലാണ് ഒഴിവാക്കുക.
അതേ സമയം ഗുഡ്സ് ട്രെയിനുകളില്‍ സമാനമായ സുരക്ഷകളൊന്നുമില്ല. ലോഡ് കയറ്റാനും ഇറക്കാനും പ്ലാറ്റ്ഫോമിനോടു ചേര്‍ന്ന് വലിയ വാതിലുകള്‍ തുറന്നിടുന്നതും നായകളും കുറുനരിയും ഉള്‍പ്പെടെ ബോഗിയില്‍ കയറിപ്പറ്റുന്നതും പതിവാണ്.
അരി, ഗോതമ്പ് ചാക്കുകള്‍ക്കൊപ്പം നായയും പാമ്പും മറ്റ് ജീവികളും ചത്ത നിലയില്‍ കാണപ്പെടുന്നതും ഇത്തരത്തിലാണ്.