നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി ! സ്ഥലപ്പേരുകളുടെ സ്ഥാനത്ത് വരന്റെയും വധുവിന്റെയും പേരുകള്‍;നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയ്ക്ക് തന്റെ വിവാഹത്തിലൂടെ ഒരു കൈത്താങ്ങ് നല്‍കി യുവാവ്…

പാലക്കാട്: കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നഷ്ടത്തിലോടുന്ന ഈ സ്ഥാപനം എങ്ങനെയും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആനവണ്ടി പ്രേമിയായ ബൈജുവിനും ഇതേ വിചാരമായിരുന്നു. അതിനാല്‍ തന്നെയാണ് തന്റെ വിവാഹവണ്ടിയായി ബൈജു കെഎസ്ആര്‍ടിസി ബസ് തെരഞ്ഞെടുത്തത്. അതും ആനവണ്ടിയെന്ന പേര് അന്വര്‍ഥമാക്കും വിധത്തില്‍ നെറ്റിപ്പട്ടമൊക്കെ കെട്ടി മനോഹരമാക്കി.

നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഒരു കൈതാങ്ങായാണു തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ബൈജു മാങ്ങോട് തന്റെ വിവാഹത്തിനായി കെ.എസ്.ആര്‍.ടി.സി. ബസ് തെരഞ്ഞെടുത്തത്. മുതലമട പള്ളത്തുള്ള വേലായുധന്റെ മകള്‍ സുസ്മിതയെയാണു ബൈജു താലി ചാര്‍ത്തിയത്. മുന്നില്‍ നെറ്റിപ്പട്ടവും കരിമ്പനയുടെ നൊങ്കും വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച് ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്ഥലത്ത് ബസ് എത്തിയത്. ബസിന്റെ മുന്‍വശത്ത് വിവാഹം എന്ന ബോര്‍ഡും സ്ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്ഥാനത്ത് വരന്റേയും വധുവിന്റേയും പേരുകളും എഴുതി.

തത്തമംഗലത്തു നിന്ന് പുതുനഗരം വഴിയാണ് കല്യാണമണ്ഡപമായ പോത്തംമ്പാടത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ബസ് ഓടിയെത്തിയത്. ആനച്ചന്തവുമായി എത്തിയ കല്യാണവണ്ടി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. ഇതിനുമുമ്പ് കേരളത്തില്‍ കൊട്ടാരക്കരയിലെ ബൈജു എന്നുതന്നെ പേരുള്ള കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനാണ് ഇത്തരത്തില്‍ ആനവണ്ടി കല്യാണത്തിന് ഉപയോഗിച്ചത്. സമൂഹമാധ്യമത്തില്‍ ആ വിഡിയോ കണ്ടതിനാലാണ് അതേപോലെ കല്യാണത്തിന് വണ്ടി എടുത്തതെന്ന് ബൈജു പറഞ്ഞു.

300 കിലോമീറ്റര്‍ വരെ രണ്ടു വശത്തേക്കുമായി സഞ്ചരിക്കാന്‍ 12,000 രൂപ മാത്രമാണു ചെലവ്. ഒരു ഷെഡ്യൂളിന് വരുന്ന ചിലവിനെ ആസ്പദമാക്കി വാടകയില്‍ മാറ്റങ്ങള്‍ വരുത്തി ഓര്‍ഡിനറി വണ്ടികള്‍ അനുവദിക്കും. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ്സ് കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരനാണ് ബൈജു. നവവധു മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ഗവേഷണവിഭാഗം അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നു. എന്തായാലും ബൈജുവിനെ മറ്റുള്ളവരും മാതൃകയാക്കിയാല്‍ കെഎസ്ആര്‍ടിസിയ്ക്ക് അത് വലിയൊരു സഹായമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts