ടെറസിലെ സ്കോർപിയോ’ എന്ന അപൂർവ്വ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പുതിയതായി വാങ്ങിയ എസ്യുവി മോഷ്ടിക്കപ്പെടുമെന്ന ഭയത്താൽ, ക്രെയിൻ ഉപയോഗിച്ച് വാഹനം വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ എത്തിച്ച് ഉടമ. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം.
മഹിന്ദ്ര സ്കോർപിയോ ക്ലാസിക് മോഡൽ വാഹനമാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഇരുനില വീടിന്റെ ടെറസിൽ സുരക്ഷിതമായി ഇറക്കിവെച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി.
ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളുടേതാണ് ഈ വാഹനം. അടുത്തിടെ വാങ്ങിയ വാഹനം അദ്ദേഹം ഒരു ഡ്രൈവറെ ഏൽപ്പിച്ചാണ് വിദേശത്തേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ഡ്രൈവർ ജോലി ഉപേക്ഷിച്ചു പോയതോടെയാണ് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായത്.
തുടർന്ന് വാഹനം മോഷണം പോകാതിരിക്കാൻ മേൽക്കൂരയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇത്രയും ഭാരമുള്ള ഒരു വാഹനം താങ്ങാനുള്ള മേൽക്കൂരയുടെ ശേഷിയെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
