ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കാണാൻ ഏകദേശം 2,400 കിലോമീറ്ററോളം നടന്ന് ആരാധകൻ. ലക്നൗവിൽ നിന്ന് മുംബൈയിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കാൽനടയായി യാത്ര ചെയ്ത രവി കുമാർ എന്ന യുവാവിനാണ് തന്റെ പ്രിയതാരത്തെ നേരിൽ കാണാൻ അവസരം ലഭിച്ചത്. ഹാർദിക് പാണ്ഡ്യ ഈ ആരാധകന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുകയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കി നൽകുകയും ചെയ്തു.
ഹാർദിക് പാണ്ഡ്യയെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റാഗ്രാം ഉപയോക്താവായ രവി കുമാർ ഈ ദീർഘദൂര യാത്ര ആരംഭിച്ചത്. ആദ്യം ലക്നൗവിൽ നിന്ന് മുംബൈയിലേക്ക് 1,400 കിലോമീറ്ററോളം നടന്ന രവി, പാണ്ഡ്യ ആ സമയത്ത് ബെംഗളൂരുവിലാണെന്ന് അറിയുകയായിരുന്നു.
ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന രവി, അവിടെ നിന്ന് 990 കിലോമീറ്റർ കൂടി യാത്ര ചെയ്താണ് ഒടുവിൽ ബെംഗളൂരുവിൽ എത്തിച്ചേർന്നത്. തന്റെ യാത്രയുടെ വിശേഷങ്ങളും കഷ്ടപ്പാടുകളും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
രവിയെ നേരിൽ കണ്ട ഹാർദിക് പാണ്ഡ്യ, തനിക്ക് വേണ്ടി തയ്യാറാക്കിയ പോസ്റ്റർ നോക്കുകയും ഇത്രയും ദൂരം നടന്നുവന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിക്കുകയും ചെയ്തു. കൂടാതെ രവിയെ ചേർത്തുപിടിക്കുകയും, സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നതിനായി തന്റെ മാനേജറോട് ട്രെയിൻ ടിക്കറ്റുകൾ ഏർപ്പാടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
താരത്തിന്റെ ഈ മാതൃകാപരമായ പെരുമാറ്റത്തെയും ആരാധകന്റെ ആത്മാർത്ഥതയെയും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. പാണ്ഡ്യയും രവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
