പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ ഒരാഴ്ചത്തേക്ക് യാതൊരു തടസവുമില്ലാതെ കളിക്കുന്നതിനായി ഭാര്യയെയും മകളെയും കൊണ്ട് കരാർ ഒപ്പിടുവിച്ച് സ്കോട്ട്ലൻഡ് സ്വദേശി. ഡംഫ്രീസ് ആൻഡ് ഗാലോവേയിലെ ന്യൂട്ടൺ സ്റ്റുവർട്ടിൽ നിന്നുള്ള 38കാരനായ ഷോൺ ലിറ്റിലാണ് ഈ വേറിട്ട ‘നോൺ-ഇന്റർഫെറൻസ്’ കരാർ നല്കിയത്.
പെയിന്ററും ഡെക്കറേറ്ററുമായി സ്വയം തൊഴിൽ ചെയ്യുന്ന ഷോൺ, ഗെയിം കളിക്കുന്നതിനായി ഒരാഴ്ചത്തെ അവധിയെടുത്തിരുന്നു. എന്നാൽ വീട്ടിലുണ്ടായാൽ വീട്ടുജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും തടസ്മാകുമെന്ന് ഉറപ്പുള്ളതിനാലാണ് ഭാര്യ നതാലിയെയും 13-കാരിയായ മകൾ ഷാർലറ്റിനെയും ഉൾപ്പെടുത്തി ഇത്തരമൊരു കരാർ തയ്യാറാക്കിയത്. ഇതിന് പ്രതിഫലമായി ഭാര്യയ്ക്കും മകൾക്കും പ്രത്യേക തുക നൽകിയതിനൊപ്പം, വീട്ടിലേക്കുള്ള പ്രതിവാര ചെലവിനുള്ള വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു.
ഗെയിം കളിക്കുന്ന ഒരാഴ്ചക്കാലം തന്നോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടരുത്, എത്ര മണിക്കൂറായി കളിക്കുന്നു എന്ന് ചോദിക്കരുത്, സോഫയിൽ തന്നെ ഇരിക്കുന്നതിന് ‘മടിയൻ’ എന്ന് വിളിക്കരുത് എന്നിവയാണ് കരാറിലെ പ്രധാന നിബന്ധനകൾ. അടുക്കള ജോലികളും പാത്രം കഴുകലും ഒഴിവാക്കുന്നതിനായി ഇയാൾ മുൻകൂട്ടി പേപ്പർ പ്ലേറ്റുകൾ വാങ്ങി വെച്ചിരുന്നു. ഒരാഴ്ചത്തേക്ക് താൻ ഭക്ഷണം പാകം ചെയ്യില്ലെന്നും കരാറിൽ വ്യക്തമാക്കിയിരുന്നു.
തുടക്കത്തിൽ ഒരു തമാശയ്ക്കായി തയ്യാറാക്കി ടിക്ടോക്കിൽ പങ്കുവെച്ച കരാറിൽ, കുടുംബാംഗങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്ത ചില വാചകങ്ങളും ഉൾപ്പെടുത്തിയിരുന്നു. “ഇപ്പോഴും ഗെയിം കളിക്കുകയാണോ?”, “ഈ ജോലി ഒന്ന് ചെയ്തു തരാമോ?” തുടങ്ങിയ ചോദ്യങ്ങൾ പൂർണമായും നിരോധിച്ചു. ഗെയിമിന്റെ കഥാഗതി വെളിപ്പെടുത്തുന്ന ‘സ്പോയിലറുകൾ’ ഒഴിവാക്കാനും തടസങ്ങളില്ലാതെ കളിക്കാനുമാണ് ഈ ഉടമ്പടിയെന്ന് ഷോൺ പറഞ്ഞു. സാമ്പത്തിക നേട്ടമുള്ളതിനാൽ ഭാര്യ നതാലിയും മകൾ ഷാർലറ്റും കരാറിൽ പൂർണ സന്തുഷ്ടരാണ്.

