പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ഛഠ് പൂജ ആഘോഷങ്ങൾക്കിടെ ദാമോദർ നദിയിൽ വീണ മൂന്ന് വയസുകാരിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ. ബങ്കുരയിലെ മെജിയ പോലീസ് സ്റ്റേഷൻ പരിധിയിലെ സബ് ഇൻസ്പെക്ടർ ആകാശ് പത്രയാണ് സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ദാമോദർ നദിക്കരയിലെ ഛഠ് പൂജാ ഘട്ടിലായിരുന്നു സംഭവം. ഗിർജപാറ സ്വദേശിയായ പ്രിൻസ് കുമാറും കുടുംബവും മൂന്ന് വയസ്സുകാരിയായ മകൾ പ്രിൻസിക കുമാരിക്കൊപ്പം പൂജാ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
ചടങ്ങുകൾക്കിടയിൽ വീട്ടുകാരുടെ ശ്രദ്ധ ഒന്ന് മാറിയ തക്കത്തിന് പ്രിൻസിക അബദ്ധത്തിൽ നദിയിലേക്ക് വഴുതി വീഴുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ നദിക്കരയിൽ പരിഭ്രാന്തി പടർന്നു. ആളുകളുടെ നിലവിളി കേട്ട് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ആകാശ് പത്ര ഉടൻ തന്നെ നദിക്കരയിലേക്ക് ഓടിയെത്തി.
ഒരു നിമിഷം പോലും പാഴാക്കാതെ നദിയിലേക്ക് എടുത്തുചാടിയ ആകാശ്, ആഴത്തിലേക്ക് മുങ്ങിത്താണ കുഞ്ഞിനെ കണ്ടെത്തി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. അപകടമൊന്നും കൂടാതെ കുഞ്ഞിനെ രക്ഷപ്പെടുത്താനായതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
സംഭവത്തിന്റെ വിശദാംശങ്ങൾ പശ്ചിമ ബംഗാൾ പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. “അഭിനന്ദനങ്ങൾ ആകാശ്! സ്വന്തം ജീവൻ പോലും വകവയ്ക്കാതെ നദിയിലേക്ക് എടുത്തുചാടിയ അദ്ദേഹം കൊച്ചു പ്രിൻസികയെ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തി” എന്ന് പോലീസ് കുറിച്ചു.
കുറിപ്പ് വൈറലായതോടെ ആകാശ് പത്രയുടെ ധീരതയെയും കൃത്യസമയത്തുള്ള ഇടപെടലിനെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
