ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗെയിമിംഗ് പ്രേമികൾക്കൊപ്പം ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI’ ഗെയിമിന്റെ റിലീസ് ആഘോഷമാക്കി രാഘവ് ഛദ്ദ. തെരക്കേറിയ പാർലമെന്ററി ജീവിതത്തിനിടയിലും തന്റെ ഇഷ്ടവിനോദത്തിനായി സമയം കണ്ടെത്തുന്ന വീഡിയോയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കൈയിൽ ഗെയിമിംഗ് കൺസോളുമായി ടെലിവിഷന് മുന്നിലിരിക്കുന്ന രാഘവ് ഛദ്ദയെയാണ് കാണാൻ സാധിക്കുന്നത്. സ്ക്രീനിൽ കണ്ണുംനട്ട് അർധരാത്രിയിലെ ലോഞ്ച് കൗണ്ട്ഡൗണിനായി അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുന്നു. കൃത്യം റിലീസ് സമയമായപ്പോൾ, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട ഗെയിം സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ കുട്ടികളുടേതിന് സമാനമായ നിഷ്കളങ്കമായ പുഞ്ചിരിയോടെ അദ്ദേഹം ക്യാമറയ്ക്ക് നേരെ തിരിയുന്നതും വീഡിയോയിലുണ്ട്.
“രാത്രി 11:59 ഇത്രയധികം നീണ്ടുപോയതായി തോന്നിയിട്ടില്ല. #GTA6 പാർലമെന്റിന് പുറത്തുള്ള ജീവിതത്തിന്റെ ഒരു ചെറിയ കാഴ്ച” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ഗെയിമിംഗ് പ്രേമികൾ അദ്ദേഹത്തിന്റെ ആവേശത്തിനൊപ്പം ചേർന്നപ്പോൾ, മറ്റുചിലർ രസകരമായ ട്രോളുകളും കമന്റുകളുമായി രംഗത്തെത്തി.
