ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ അപ്രതീക്ഷിതമായി കണ്ട് മൂന്ന് സഹോദരങ്ങൾ. യാത്രാവേളയിൽ ക്രിക്കറ്റ് ഇതിഹാസത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ സഹോദരങ്ങൾ. ഒപ്പം അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചു.
യാത്രയ്ക്കിടയിൽ രാഹുൽ ദ്രാവിഡിനെ കണ്ടുമുട്ടിയ സന്തോഷം @bhai.saaabb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. “ഇന്ദിരാനഗറിലെ ഗുണ്ട, എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തിയാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിമാനയാത്രയ്ക്കിടയിൽ ദ്രാവിഡിനെ കണ്ട സഹോദരങ്ങളിൽ ഒരാൾ അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിക്കുകയും, മറ്റൊരാൾ ആ നിമിഷം ക്യാമറയിൽ പകർത്തുകയും ചെയ്തു. ആരാധകന്റെ അഭ്യർത്ഥന സ്നേഹത്തോടെ സ്വീകരിച്ച ദ്രാവിഡ് വളരെ ശാന്തതയോടെയാണ് അവരോട് പെരുമാറിയത്. വിമാനത്തിൽ നിന്നിറങ്ങി എയർപോർട്ട് ബസിൽ വെച്ചും ഇവർക്ക് ക്രിക്കറ്റ് താരത്തെ വീണ്ടും കാണാൻ സാധിച്ചു.
2.4 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടുഴിഞ്ഞത്. വീഡിയോയിലെ അടിക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ‘ഗുണ്ട’ എന്ന വാക്കിനെക്കുറിച്ച് നിരവധി പേരാണ് അന്വേഷിക്കുന്നത്. രാഹുൽ ദ്രാവിഡ് അഭിനയിച്ച ഒരു പരസ്യത്തിലെ ഏറെ ജനപ്രീതി നേടിയ “ഇന്ദിരാനഗർ കാ ഗുണ്ട ഹൂം മൈൻ!” (ഞാനാണ് ഇന്ദിരാനഗറിലെ ഗുണ്ട!) എന്ന ഹിറ്റ് ഡയലോഗിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തെ ശാന്ത സ്വഭാവത്തിന് വിരുധമായ അദ്ദേഹത്തിന്റെ ആ രസകരമായ പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ക്രിക്കറ്റ് ലോകത്തിന്റെ പ്രിയപ്പെട്ട ‘ജാംബവാന്’ ഒപ്പമുള്ള ഈ മനോഹരമായ അനുഭവത്തിന്റെ വിശേഷങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
