കൊച്ചി: സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ജീവസുയാത്ര’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് നടക്കും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 11.30ന് മുഖ്യമന്ത്രി വി.ഡി സതീശന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി.പി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ അദ്ദേഹം പദ്ധതിയുടെ ടീസര്‍ പ്രകാശനം നിര്‍വഹിക്കും. ജീവസുയാത്ര മിഷന് ബ്രാന്‍ഡ് അംബാസഡര്‍ നടന് മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തിനി, വാര്‍ഡ് കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ഗതാഗത സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി കമ്മിഷണര്‍ ഡോ. എസ്. സതീഷ് ബിനോ, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2030ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ആഗോള ലക്ഷ്യത്തോടെയാണ് സമഗ്ര ജീവന്‍രക്ഷാ പദ്ധതിയായ ജീവസുയാത്ര മിഷന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകള്‍, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങള്‍ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മിഷന് പ്രവര്‍ത്തിക്കുക.
സ്കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം, അപകടമേഖലകള്‍ പരിഹരിക്കുന്നതിനുള്ള അത്യാധുനിക എന്‍ജിനീയറിംഗ് പരിഹാരങ്ങള്‍, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്.
