ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കാണ് ! ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് വലിയ പിഴവു പറ്റി; സൗരവ് ഗാംഗുലിയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നു…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രസ്താവന. ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വന്‍വീഴ്ചയാണ് വരുത്തിയതെന്നും ബോര്‍ഡിന്റെ പ്രതിച്ഛായ മോശമാകുമോയെന്ന് താന്‍ ആശങ്കാകുലനാണെന്നും ഗാംഗുലി വ്യക്തമാക്കി.

ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്.

അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ ആശങ്കയോടെ ഒരു കാര്യം ഞാന്‍ എഴുതട്ടെ. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല. കത്തില്‍ ഗാംഗുലി പറയുന്നു.കുറേ കാലത്തെ കഠിനാധ്വാനം കൊണ്ടാണ് ഭരണകര്‍ത്താക്കളും ക്രിക്കറ്റ് താരങ്ങളും ചേര്‍ന്ന് ക്രിക്കറ്റിന് ഇന്ത്യയില്‍ ഇത്രയധികം പ്രചാരം സൃഷ്ടിച്ചത്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ ജനപിന്തുണ നഷ്ടമായേക്കാമെന്നും ഗാംഗുലി പറയുന്നു. രാഹുല്‍ ജോഹ്രിക്കെതിരായ പീഡനാരോപണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും ഇത് ബോര്‍ഡിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകള്‍. വ്യക്തമാക്കുന്നു.

Related posts