ശബരിമല വിഷയത്തിൽ ബിജെപിയുടെ അജണ്ടയിൽ എതിരാളികൾ ഓരോന്നായി വീണു; സ്ത്രീകൾ മലകയറിയപ്പോൾ നട അടയ്ക്കാനുള്ള നീക്കം തന്ത്രി കണ്ഠരര് രാജീവര് ബിജെപിയുമായി ആലോചിച്ചു; കോഴിക്കോട്ട് നടന്ന യുവമോർച്ചയോഗത്തിലെ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ഇങ്ങനെയൊക്കെ…

കോഴിക്കോട്: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നടത്തിയ വെളിപ്പെടുത്തലുകൾ പുറത്ത്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചു എന്ന് തെളിയിക്കുന്ന പ്രസംഗത്തിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഞായറാഴ്ച കോഴിക്കോട്ട് യുവമോർച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലെ ശബ്ദശകലമാണ് പുറത്ത് വന്നത്.

ശബരിമല വിഷയം ബിജെപിക്ക് സുവർണാവസരമാണെന്നും പാർട്ടി മുന്നോട്ട് വച്ച അജണ്ടയിൽ ഓരോരുത്തർ വീണുവെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം, രഹ്‌ന ഫാത്തിമയെയും മറ്റൊരു സ്ത്രീയേയും പോലീസ് സംരക്ഷണത്തിൽ മലകയറ്റിയപ്പോൾ നട അടയ്ക്കാനുള്ള നീക്കം തന്ത്രി കണ്ഠരര് രാജീവര് ബിജെപിയുമായി ആലോചിച്ചിരുന്നുവെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി.

നടയടച്ചിട്ടാൽ കോടതി അലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒറ്റക്കാകില്ലെന്നും പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്നും താൻ ഉറപ്പ് നൽകി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്ത്രി ആചാര ലംഘനമുണ്ടായാൽ നടയടക്കുമെന്ന് ഉറച്ച നിലപാടെടുത്തത്- ശ്രീധരൻ പിള്ള വ്യക്തമാക്കി

ഒപ്പം, ഇതിനെ നടപ്പന്തലിനു സമീപം എതിർത്തത് യുവമോർച്ചയുടെ നേതൃത്വത്തിലാണെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts