എന്റെ അമ്മായീ ഇവളെ കല്യാണം കഴിച്ചയയ്ക്കാന്‍ അമ്മായി കുറേ പാടുപെടും ! നിറത്തിന്റെ പേരില്‍ പതിവായി കളിയാക്കിക്കൊണ്ടിരുന്ന ബന്ധുവിന് ഒടുവില്‍ സംഭവിച്ചത്…യുവതിയുടെ കുറിപ്പ് വൈറലാകുന്നു…

നിറത്തിന്റെയും ശരീരാകൃതിയുടെയും പേരില്‍ മറ്റുള്ളവരില്‍ നിന്ന് അപമാനം നേരിടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുകയാണ് മഞ്ജു ബിനു എന്ന യുവതി.

ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ അനുഭവം വെളിപ്പെടുത്തിയത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ…ദൈവത്തിന്റെ വികൃതികള്‍ കറുപ്പിന് ഏഴ് അഴക് ഉള്ളതുകൊണ്ടാണോ എനിക്കറിയില്ല.

ചിലര്‍ക്ക് ഈ നിറമുള്ള മനുഷ്യരെ കാണുമ്പോള്‍ ഒരു അസഹിഷ്ണുതയാണ്. ഈയിടെയല്ലേ ഗായിക സയനോര തനിക്ക് നിറത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. അത് വായിച്ചപ്പോഴാണ് എന്റെ അനുഭവങ്ങള്‍ നിങ്ങളോട് പറയാം എന്ന് തോന്നിയത്.

പ്രേംനസീറിന്റെ പോലെ പൊടി മീശയൊക്കെ വച്ച് വെളുത്ത് സുന്ദരനായ അപ്പന്റെ ഒരു ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. അമ്മയുടെ തനിപ്പകര്‍പ്പാണ് ഞാന്‍. ഇപ്പോള്‍ അവര്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ. ഞങ്ങള്‍ മക്കള്‍ ആണെങ്കിലോ ഒരു ന്യൂനപക്ഷം അപ്പന്റെ പോലെയും ബാക്കിയുള്ളവര്‍ അമ്മയെ പോലെയും ആണ്.

ഞാന്‍ തീരെ ചെറുതായിരുന്നപ്പോള്‍ തന്നെ മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നത് കൊണ്ടും ഇഷ്ടാനിഷ്ടങ്ങള്‍ ഒരുപോലെയായിരുന്നതുകൊണ്ടും ഞാനും രണ്ടാമത്തെ ചേച്ചിയും തമ്മില്‍ വലിയ കൂട്ടാണ്.

എവിടെ പോകുന്നതും ഒരുമിച്ച് ആയിരിക്കും. ഞങ്ങള്‍ ഒരുമിച്ചു നിന്നാല്‍ കല്‍ക്കണ്ടവും ഉണക്ക മുന്തിരിയും ഒരുമിച്ച് വെച്ചിരിക്കുന്നത് ഒക്കെ പോലെ കാണുന്നവര്‍ക്ക് തോന്നുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ഒരു ചിന്തയെ ഉണ്ടായിരുന്നില്ല.

പുതുതായി പരിചയപ്പെടുന്ന ആരോടെങ്കിലും എന്നെ അനിയത്തി ആണെന്ന് പരിചയപ്പെടുത്തിയിട്ട് പിന്നെ അവിടന്നങ്ങോട്ട് വരുന്ന നൂറു നൂറു ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ക്ഷീണിക്കുന്ന ചേച്ചിയെ നോക്കി നിസ്സങ്കയായി ഞാന്‍ ഇങ്ങനെ ഇരിക്കും.

ഇനി കാര്യത്തിലേക്ക് കടക്കാം ഞങ്ങള്‍ക്ക് ഒരു കസിന്‍ ഉണ്ട് നമുക്ക് തല്‍ക്കാലം വീണ ചേച്ചി എന്ന് വിളിക്കാം. എന്നെക്കാളും 16 വയസ്സോളം മൂത്ത ചേച്ചി ഏതു മംഗള കാര്യത്തിന് ആവട്ടെ മരണ ആവശ്യത്തിന് ആവട്ടെ ഞാനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ ഉടന്‍ തുടങ്ങും… എന്റെ അമ്മായിയെ ഇവള്‍ വലുതാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ അമ്മായി കുറെ പാടുപെടും മറ്റവളുടെ കാര്യത്തില്‍ അമ്മായി പേടിക്കേണ്ട പക്ഷേ ഇത് എനിക്ക് ഓര്‍ക്കുമ്പോള്‍ തന്നെ ആകെ ഒരു വിഷമം ആണ്

എന്നൊക്കെ പറഞ്ഞു മത്തങ്ങ പോലെ തുടുത്ത് ഉരുണ്ടിരിക്കുന്ന വീണ ചേച്ചി താടിക്കു കയ്യും കൊടുത്തിരിക്കുന്ന ഇരിപ്പു കണ്ടാല്‍ ആരുമൊന്ന് നെടുവീര്‍പ്പ് ഇട്ടു പോകും. മിക്കവാറും കല്യാണത്തിന് ഒക്കെ പോയാല്‍ ഈ ചേച്ചിയുടെ മുന്നില്‍ പെട്ടാല്‍ മനസ്സില്‍ നൂറാവര്‍ത്തി കരഞ്ഞ് ബലം പിടിച്ചിരുന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി തിരിച്ചു പോരാറാണ് പതിവ്.

അങ്ങനെ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു വീണ ചേച്ചി പറഞ്ഞു. ഇവളെ കോളേജില്‍ ഒന്നും വിടേണ്ട പത്താംക്ലാസ് കഴിഞ്ഞവര്‍ക്കുള്ള നഴ്‌സിംഗ് പോലെ എന്തെങ്കിലും പഠിപ്പിച്ചാല്‍ മതിയെന്ന് ഞാന്‍ ആകട്ടെ പ്രീഡിഗ്രിക്കു ചേര്‍ന്നത് യു.സി കോളേജിലും.

പറവൂര്‍ ഇത്ര നല്ല പാരലല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ ഇത്ര ദൂരെ വിട്ടത് എന്തിനാ… അങ്ങനെയങ്ങനെ എന്റെ ഏത് ചുവടുവെപ്പിലും ഈ ചേച്ചിയും കുടുംബവും അഭിപ്രായവുമായി ചാടിവീഴും ഞാന്‍ എം.എയ് ക്ക് ചേര്‍ന്നു എന്നറിഞ്ഞപ്പോള്‍ അമ്മായിക്ക് ഇതുവരെ പറഞ്ഞതൊന്നും മനസ്സിലായില്ലേ…

ഒന്നാമത് ഇവളെ കാണാന്‍ കൊള്ളില്ല ഇനി പഠിപ്പ് കൂടിയാല്‍ ചെറുക്കന്‍മാരെ കിട്ടാതെ അമ്മായി വിഷമിക്കും നോക്കിക്കോ… ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട എന്നായി വീണ ചേച്ചി.

ഇതിനിടയില്‍ വീണ ചേച്ചിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായി മൂത്തവള്‍ വീണ ചേച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ മോള്‍ സുന്ദരി ആയതുകൊണ്ട് എവിടെപ്പോയാലും വലുതാകുമ്പോള്‍ ഈ മോളെ അവരുടെ മകന് കല്യാണം കഴിച്ചു കൊടുക്കാമോ എന്ന് ചോദിക്കുകയാണ്… ഞാന്‍ എന്താ ചെയ്യുക എന്ന രീതിയിലുള്ളതാണ്.

അങ്ങനെയിരിക്കെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ വീണ ചേച്ചിയെ കാണാന്‍ പോയി വന്ന എന്റെ നാത്തൂന്മാര്‍, അവരാണ് എന്റെ സ്വന്തം ചേച്ചിമാരെ പോലെ എനിക്കുവേണ്ടി പലപ്പോഴും വീണ ചേച്ചിയോട് വാദിച്ചു കൊണ്ടിരുന്നത്.

അവര്‍ എന്നോട് ചോദിച്ചത് ഞാന്‍ ആ ചേച്ചിയെ എന്തെങ്കിലും മനസ്സറിഞ്ഞ് ശപിച്ചിട്ടുണ്ടൊ എന്നാണ്. ഞാന്‍ അന്തം വിട്ടിരുന്നപ്പോള്‍ അവര്‍ പറയുകയാണ് ഈ കുട്ടി വളരെ ഇരുണ്ട നിറമാണ് അപ്പനും അമ്മയും വെളുത്തത് ആയിട്ടും അമ്മയുടെ ചായ ഉണ്ടെങ്കിലും കുട്ടി ഇത്രയും കറുത്ത പോയത് എങ്ങനെയെന്ന ചര്‍ച്ചയിലാണ് എല്ലാവരും എന്ന്.

സത്യമായിട്ടും ഞാന്‍ അപ്പോള്‍ ചിന്തിച്ചത് ആ കുട്ടി വളര്‍ന്നു വരുമ്പോള്‍ ഇതുപോലെ എത്ര വീണ ചേച്ചിമാരെ നേരിടേണ്ടിവരും എന്നാണ്.

ഒരു കാര്യം കൂടി പറയട്ടെ വീണ ചേച്ചി പേടിപ്പിച്ചതുപോലെ ഒന്നും സംഭവിച്ചില്ല രാവും പകലും പോലെ എന്ന് കാണുന്നവര്‍ പറയുന്ന തരത്തില്‍ വെളുത്ത ഭര്‍ത്താവാണ് കേട്ടോ എനിക്ക് കിട്ടിയത് ഞങ്ങളെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല എന്നുമാത്രം. മഞ്ജു ബിനു പറയുന്നു.

Related posts

Leave a Comment